ചരിത്ര വിധി: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ല; ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

ചരിത്ര വിധി: ഇന്ത്യയിൽ സ്വവർഗ ലൈംഗികത ഇനി ക്രിമിനൽ കുറ്റമല്ല; ഐ.പി.സി 377-ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

സ്വന്തം ലേഖകൻ

ദില്ലി: ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആദ്യ വിധി പ്രസ്താവത്തിൽ പറഞ്ഞു. വൈവിധ്യത്തിൻറെ ശക്തിയെ മാനിക്കണം. ഐപിസി 377 ഏകപക്ഷീയവും യുക്തിരഹിതമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഒരാളുടെ ലൈംഗികത എന്നത് ഭയത്തോടുകൂടി ആകരുത്. ഞാൻ എന്താണോ അത് തന്നെയാണ് ഞാൻ എന്ന രീതിയിൽ ജീവിക്കാൻ ഒരു വ്യക്തിയ്ക്ക് സാധിക്കണം. അതിന് ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു ജീവിതത്തിൻറെ അർത്ഥം എന്നത് സ്വതന്ത്രമായി ജീവിക്കുക എന്നത് കൂടിയാണ്. ഭയത്തോടുകൂടി ജീവിക്കലല്ല എന്നും പ്രസ്താവത്തിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റിസുമാരായ എം എം ഖാൻവിൽക്കർ, ഇന്ദു മൽഹോത്ര, ആർ എഫ് നരിമാൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. ബെഞ്ചിൻറെ യോജിച്ചുള്ള വിധിയാണെന്ന് ദീപക് മിശ്ര വ്യക്തമാക്കി. ലിംഗ വ്യത്യാസമില്ലാതെ പങ്കാളിയെ തെരഞ്ഞെടുക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി പരാമർശം നടത്തിയിരുന്നു. 2009 ജൂലൈയിൽ സ്വവർഗ്ഗരതി നിയമവിധേയമാക്കി ദില്ലി ഹൈക്കോടതി വിധി പറഞ്ഞു. എന്നാൽ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ അധികാരം പാർലമെൻറിനെന്ന് ചൂണ്ടിക്കാട്ടി 2013 ഡിസംബർ 11ന് ദില്ലി ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് ജി.എസ്.സിംഗ്‌വി അധ്യക്ഷനായ കോടതിയുടെ ആ വിധി രാജ്യത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയും ചെയ്തു. അതിന് ശേഷം വന്ന തിരുത്തൽ ഹർജിയിൽ കോടതി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പിന്നീട് 2016ൽ 377-ാം വകുപ്പിൻറെ ഭരണഘടന സാധുത ചോദ്യം ചെയ്ത് നിരവധി പുതിയ ഹർജികൾ സുപ്രീംകോടതിക്ക് മുമ്ബാകെ എത്തി. ഈ ഹർജികളിലാണ് ഇപ്പോൾ വിധി വന്നരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group