സർക്കാർ ദുരിതാശ്വാസ സഹായം നൽകി; തുക ബാങ്ക് അടിച്ചുമാറ്റി

സർക്കാർ ദുരിതാശ്വാസ സഹായം നൽകി; തുക ബാങ്ക് അടിച്ചുമാറ്റി

സ്വന്തം ലേഖകൻ

റാന്നി: വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി സർക്കാർ ബാങ്ക് അക്കൗണ്ടിലിട്ട 10,000 രൂപ വായ്പ കുടിശിക ഇനത്തിൽ ബാങ്ക് പിടിച്ചെടുത്തു. പെരുമ്പുഴ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടപ്പുഴ പുത്തേട്ട് വി.കെ. സോമന്റെ ആനുകൂല്യമാണ് കാനറ ബാങ്കിന്റെ റാന്നി ശാഖ തട്ടിയെടുത്തത്. റാന്നി ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഐഎവൈ പദ്ധതിയിൽ ഭവന നിർമാണത്തിനു സോമന് മൂന്നു ലക്ഷം രൂപ അനുവദിച്ചിരുന്നു. പണി പൂർത്തിയാക്കാൻ പണമില്ലാതെ വന്നപ്പോൾ മൂന്നു ലക്ഷം രൂപ ബാങ്കിൽ നിന്നു വായ്പയെടുത്തു. ഇതിൽ പകുതിയോളം രൂപ സോമൻ തിരിച്ചടച്ചു. കഴിഞ്ഞ മാസത്തെ തവണ കുടിശിക ഉണ്ടായിരുന്നു. ഇതാണ് സർക്കാർ നൽകിയ ധനസഹായത്തിൽനിന്ന് ബാങ്ക് അധികൃതർ ഈടാക്കിയെടുത്തത്. പ്രളയത്തിൽ റാന്നി മുങ്ങിയപ്പോൾ ഒരാഴ്ചയോളം സോമന്റെ വീടും വെള്ളത്തിലായിരുന്നു. ചെളിയും മണ്ണും നിറഞ്ഞ വീട്ടിൽ കുടുംബം ഇതുവരെ താമസം തുടങ്ങിയിട്ടില്ല. 31ന് ആണ് സോമന്റെ അക്കൗണ്ടിലേക്കു സർക്കാരിന്റെ ആനുകൂല്യം ലഭിച്ചത്. ഇന്നലെ ബാങ്കിലെത്തി സോമൻ വിവരം അന്വേഷിച്ചു. പണം എത്തിയിട്ടുണ്ടെന്നും മാനേജരെ കാണാനും ജീവനക്കാർ അറിയിച്ചു. മാനേജരെ സമീപിച്ചപ്പോഴാണ് വായ്പ കുടിശിക ഇനത്തിൽ പണം പിടിച്ചെന്ന് അറിയിച്ചത്. വായ്പ കുടിശികയ്ക്ക് ഒരു വർഷത്തേക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സോമൻ അറിയിച്ചെങ്കിലും പണം നൽകാൻ ബന്ധപ്പെട്ടവർ തയാറായില്ല.