‘ടൗട്ടേ’ ജാഗ്രതയില്‍ സംസ്ഥാനം; തിരുവനന്തപുരം തീരത്ത് അതിശക്തമായ കാറ്റ്; ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും; ഉദ്ദേശിച്ചതിലും നേരത്തെ തീവ്രന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്

‘ടൗട്ടേ’ ജാഗ്രതയില്‍ സംസ്ഥാനം; തിരുവനന്തപുരം തീരത്ത് അതിശക്തമായ കാറ്റ്; ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി മാറും; ഉദ്ദേശിച്ചതിലും നേരത്തെ തീവ്രന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റാകുമെന്നും മുന്നറിയിപ്പ്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് അര്‍ദ്ധരാത്രിയോടെ തീവ്രന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. സംസ്ഥാനത്ത് ടൗട്ടേ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ടെങ്കിലും അതിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പ്രവചന കേന്ദ്രം പറയുന്നത്.

എന്നാല്‍ ഇത് കടന്ന് പോവുന്ന തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ലക്ഷദ്വീപ് ഭാഗത്ത് തന്നെയാണ് ചുഴലിക്കാറ്റ് നിലകൊള്ളുന്നത്. കേരള തീരം തൊടാന്‍ സാധ്യതയില്ലെങ്കിലും പലയിടങ്ങളിലും അതിതീവ്ര മഴ പെയ്യും. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് ജില്ലാ ദുരന്ത നിവാരണ വിഭാഗം കണക്ക് കൂട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാല്‍ തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണെന്ന് അതത് ജില്ലാ അധികാരികള്‍ അറിയിക്കുന്നു. കേരള തീരത്ത് നിന്നുള്ള മല്‍സ്യബന്ധനം പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.

എറണാകുളം, ആലപ്പുഴ ജില്ലകളിലെ തീരപ്രദേശങ്ങള്‍ കടലാക്രമണ ഭീഷണിയില്‍. ചെല്ലാനം ബസാറില്‍ ശക്തമായ കടലാക്രമണത്തില്‍ വീടുകളില്‍ വെള്ളം കയറി. വൈപ്പിന്‍ മേഖലയിലും പലയിടത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. കടല്‍ കയറ്റം കാരണം മിക്ക വീടുകളും വെള്ളത്തിനടിയിലായി. വീടുകളില്‍ മണ്ണും കയറുന്നുണ്ട്.

കൊവിഡ് പ്രതിസന്ധി രൂക്ഷമാണ് പ്രദേശത്ത്. അതിനാല്‍ തന്നെ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. സ്ഥലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. കൊവിഡ് ബാധിതരെയും അല്ലാത്തവരെയും പ്രത്യേക ക്യാമ്ബുകളില്‍ മാറ്റി പാര്‍പ്പിക്കാനാണ് ആലോചന.