കുമരകം പക്ഷി സങ്കേതത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ കയ്യിലും സ്വകാര്യ ഭാഗത്തും കടന്നു പിടിച്ചു: തടയാനെത്തിയ പൊലീസുകാരെ അടിച്ചു വീഴ്ത്തി; സ്റ്റേഷനിലും റോഡിലും അസഭ്യവും അടിപിടിയും: തിരുവനന്തപുരം സ്വദേശി കുടുങ്ങിയത് ഇങ്ങനെ

കുമരകം പക്ഷി സങ്കേതത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുടെ കയ്യിലും സ്വകാര്യ ഭാഗത്തും കടന്നു പിടിച്ചു: തടയാനെത്തിയ പൊലീസുകാരെ അടിച്ചു വീഴ്ത്തി; സ്റ്റേഷനിലും റോഡിലും അസഭ്യവും അടിപിടിയും: തിരുവനന്തപുരം സ്വദേശി കുടുങ്ങിയത് ഇങ്ങനെ

സ്വന്തം ലേഖകൻ

കുമരകം: ഭർത്താവിനൊപ്പം കുമരകത്തെ ടൂറിസം കേന്ദ്രം കാണാൻ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവതിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനങ്ങളായിരുന്നു. ഭർത്താവിന്റെ കൈ കോർത്ത് പിടിച്ച് നടക്കുന്നതിനിടെ നടു റോഡിൽ തടഞ്ഞു നിർത്തി യുവാവ് കയ്യിലും, സ്വകാര്യ ഭാഗങ്ങളിലും കടന്നു പിടിച്ചു. ഞെട്ടിത്തെറിച്ച് പ്രതികരിച്ചപ്പോഴേയ്ക്കും യുവാവിന്റെ അടി കൊള്ളേണ്ടി വന്നു. തടയാനെത്തിയ ഭർത്താവിനും, പിടികൂടാനെത്തിയ പൊലീസിനും കിട്ടി അടി. ഞരമ്പുരോഗിയും സ്ത്രീ ലമ്പടനുമായ തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ പൊലീസ് എത്തി ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ നെടുമങ്ങാട് സാദിക് അലി മൻസിൽ ഷംസുദ്ദിന്റെ മകൻ സാദത്ത് അലി (29) സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് പറഞ്ഞു. മുൻപും സ്ത്രീകളെ ശല്യം ചെയ്തതിന് ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കുമരകം പക്ഷി സങ്കേതത്തിലായിരുന്നു സംഭവം. ഭർത്താവിന്റെ കൈ കോർത്തു പിടിച്ച് പക്ഷി സങ്കേതത്തിലെ നടപ്പാതയിലൂടെ നടന്നു വരികയായിരുന്നു യുവതി. ഈ സമയം എതിർ ദിശയിൽ നിന്നും വന്ന സാദത്ത് ആദ്യം കയ്യിൽ നടന്നു പിടിച്ചു. തടയാൻ ശ്രമിച്ചപ്പോഴേയ്ക്കും മാറിടത്തിൽ കടന്നു പിടിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് കൈ തട്ടിമാറ്റിയതോടെ ക്ഷുഭിതനായ ഇയാൾ മുഖത്ത് അടിച്ചു. തടയാൻ ശ്രമിച്ച ഭർത്താവിനെയും ഇയാൾ അടിച്ചു. 
സംഭവം കണ്ട് സെക്യൂരിറ്റി ജീവനക്കാരും, പക്ഷിസങ്കേതത്തിലെത്തിയ വനിത സിവിൽ പോലീസ് ഓഫിസർ സൗമ്യ ,സിവിൽ പോലീസ് ഓഫിസർമാരായ അർജുൻ ,ഭാസി എന്നിവർ ചേർന്ന് പ്രതിയെ പിടികൂടാൻ ശ്രമിച്ചു. പിടികൂടാൻ ശ്രമിച്ച പൊലീസുകാരെ കടിച്ച പ്രതി, ഇവിടെ കിടന്ന കല്ലും കമ്പും അടക്കമുള്ളവ ഉപയോഗിച്ച് പൊലീസുകാരെ ആക്രമിച്ചു. തുടർന്ന് ആക്രമണത്തിൽ മൂന്നു പേർക്കും പരിക്കേറ്റതോടെ കൂടുതൽ പൊലീസുകാരെ വിളിച്ചു വരുത്തി. കുമരകം എസ്.എച്ച്.ഒ സി.ഐ  ശിവകുമാർ എസ്.ഐ.റ്റി.വി.ഷിബു ,എ.എസ് ഐ മാരായ ഉല്ലാസ് , സരസിജൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്ന് ഇയാളെ സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയ്‌ക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.