സൗജന്യമായി കഞ്ചാവ്: അഡിക്റ്റായാൽ പിന്നെ പണം; പണമില്ലെങ്കിൽ കഞ്ചാവ് കടത്തുകാരൻ: സ്‌കൂൾ വിദ്യാർത്ഥികളെ ക്ഞ്ചാവ് കെണിയിൽ കുടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ

സൗജന്യമായി കഞ്ചാവ്: അഡിക്റ്റായാൽ പിന്നെ പണം; പണമില്ലെങ്കിൽ കഞ്ചാവ് കടത്തുകാരൻ: സ്‌കൂൾ വിദ്യാർത്ഥികളെ ക്ഞ്ചാവ് കെണിയിൽ കുടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേർ പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: സൗജന്യമായി കഞ്ചാവ് നൽകി സ്‌കൂൾ വിദ്യാർത്ഥികളെയും പ്രായപൂർത്തിയാകാത്ത കുട്ടികളെയും കഞ്ചാവിന്റെ വലയിൽ കുടുക്കുന്ന മാഫിയ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയിലായി. കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകിയാണ് പ്രതികൾ സംഘത്തിൽ ചേർക്കുന്നത്. സംഘത്തിന്റെ വലയിൽ വീഴുന്ന കുട്ടികൾ കഞ്ചാവിന് അടിമയായി കഴിഞ്ഞാൽ പിന്നീട് കഞ്ചാവ് നൽകുന്നതിന് പണം ആവശ്യപ്പെടും. പണം കയ്യിലില്ലെങ്കിൽ തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്താൻ ഈ കുട്ടികളെയാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ മാഫിയ സംഘത്തിന്റെ പിടിയിൽപ്പെട്ട എട്ട് കുട്ടികളെ ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നർക്കോട്ടിക് സ്‌ക്വാഡും, ആന്റി ഗുണ്ടാ സ്‌ക്വാഡും ചേർന്ന് രക്ഷപെടുത്തിയിട്ടുണ്ട്. ഇവരെ മാതാപിതാക്കളെ വിളിച്ചു വരുത്തി വിട്ടയച്ചു.


സംഭവവുമായി ബന്ധപ്പെട്ട് പകലോമറ്റം പാൽവണ്ണം തടത്തിൽ അഖിൽ ജേക്കബിനെ(24) കുറവിലങ്ങാട് പൊലീസും, ആപ്പാഞ്ചിറ കണ്ണാട്ട് ഹൗസിൽ അക്ഷയെ കടുത്തുരുത്തി പൊലീസുമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ കഞ്ചാവ് മാഫിയ സംഘത്തിന്റെ രഹസ്യ സങ്കേതം ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്ന് ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, ആന്റി നർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മോഹനൻ, ഉണ്ണി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി.വി മനോജ്, കെ.എം ജീമോൻ, ജയകുമാർ, കെ.പി സണ്ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് ചെയ്തു. തുടർന്ന് എട്ടു വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസിലെ പ്രധാന കണ്ണികളായവരെപ്പറ്റി വിവരം ലഭിച്ചത്. 
പ്രതികൾ കമ്പത്തു നിന്നും കഞ്ചാവുമായി എത്തുന്നതായി ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു രഹസ്യ വിവരം ലഭിച്ചതോടെ പൊലീസ് സംഘം വഴിയരികിൽ ഇവരെ തടഞ്ഞ് വാഹനം സഹിതം രണ്ടിടത്തു നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്തിയ രണ്ടു പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group