സഹോദരന്റെ മകനോടുള്ള അമിത സ്‌നേഹം; പകമൂത്ത യുവതിയും ഭർത്താവും രണ്ട് വയസ്സുള്ള സഹോദരന്റെ മകനെ തട്ടിക്കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊന്നു; മരണം ഉറപ്പാക്കാൻ ഓവുചാലിൽ കുട്ടിയെ മുക്കി; ദമ്പതികൾ പിടിയിൽ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: സഹോദരന്റെ രണ്ട് വയസ്സുകാരനായ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഓവുചാലിൽ തള്ളിയ കേസിൽ ദമ്പതിമാരെ അറസ്റ്റ് ചെയ്തു.
രഘുബിർ നഗറിലെ ചേരിയിൽ താമസിക്കുന്ന യമുന(24) ഭർത്താവ് രാജേഷ് എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഡൽഹിയിലെ തെരുവുകളിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നവരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ മാതാവിന് സഹോദരന്റെ മകനോടുള്ള അമിത സ്‌നേഹത്തിൽ യമുനയ്ക്ക് പകയുണ്ടായിരുന്നു. കുട്ടിയെ സ്‌നേഹിക്കുന്നത് പോലെ മാതാവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നും യുവതി പരാതിപ്പെട്ടിരുന്നു. ഇതാണ് അതിക്രൂരമായ കൊലപാതകത്തിൽ കലാശിച്ചത്.
ഭർത്താവിന്റെ സഹായത്തോടെയാണ് യമുന കൊലപാതകം നടത്തിയത്. രണ്ടുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയ ഇരുവരും കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മരിച്ചെന്ന് ഉറപ്പാക്കാൻ പഞ്ചാബി ഭാഗിലെ വൃത്തിഹീനമായ ഓവുചാലിൽ കുട്ടിയെ മുക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം ഓവുചാലിൽ തള്ളി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
സംഭവസ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് ഒളിവിൽപോയ ഇരുവരെയും മണിക്കൂറുകൾക്കകം പിടികൂടുകയും ചെയ്തു.
അതിനിടെ, വെള്ളംനിറഞ്ഞ ഓവുചാലിൽനിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാൻ പോലീസും അധികൃതരും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടു. മണിക്കൂറുകൾ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുക്കാനായത്.