play-sharp-fill
യാത്ര സുഖകരമല്ല ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് പൊതു താൽപര്യ ഹര്‍ജി,  ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി

യാത്ര സുഖകരമല്ല ടോള്‍ നിരക്ക് കുറയ്ക്കണമെന്ന് പൊതു താൽപര്യ ഹര്‍ജി, ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി ഹൈക്കോടതി

തൃശൂര്‍: കോണ്‍ക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചതിനാല്‍ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ ടോള്‍ നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടു പൊതു താൽപര്യ ഹര്‍ജി. ഹർജി പരിഗണിച്ച ഹൈക്കോടതി ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. വാണിയമ്പാറ സ്വദേശി ജോര്‍ജ് ഫിലിപ്പാണ് ഹര്‍ജി നല്‍കിയത്.

 

ആറുവരിപ്പാതയിലെ ടോള്‍ തുകയില്‍ 64.6 ശതമാനവും ഈടാക്കുന്നത് തുരങ്കത്തിലൂടെയുള്ള യാത്രക്കാണെന്ന് വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ദേശീയപാത അതോറിറ്റിയില്‍നിന്ന് മറുപടി ലഭിച്ചിരുന്നു. ഈ രേഖയുള്‍പ്പെടെ ഹര്‍ജിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. സർവീസ് റോഡ് പൂര്‍ത്തിയാകാത്തത്, ചാല്‍ നിര്‍മാണത്തിലെ പ്രശ്‌നങ്ങള്‍, വഴിവിളക്കുകള്‍, നടപ്പാതകള്‍, സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ തുടങ്ങിയവ ഇല്ലെന്നും ഹര്‍ജിയില്‍ പരാമർശിക്കുന്നുണ്ട്.

 

ജനുവരിയിലാണ് കോണ്‍ക്രീറ്റിങ്ങിനായി ഇടതുതുരങ്കം അടച്ചത്. വലതുതുരങ്കത്തിലൂടെ ഒറ്റവരിയായാണ് ഇരുദിശകളിലേക്കും വാഹനങ്ങള്‍ കടത്തിവിടുന്നത്. യാത്ര സുഗമമല്ലാതായതോടെ ടോള്‍നിരക്ക് കുറക്കണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ടോള്‍ കമ്പനി അധികൃതര്‍ പരിഗണിച്ചില്ല. ഇക്കാര്യത്തിലും ഹൈക്കോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group