തിരഞ്ഞെടുപ്പ് ചൂടിൽ  തൃക്കാക്കര;  ചരിത്ര വിജയം നേടി നിയമസഭയില്‍ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എല്‍ഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ കളമൊരുങ്ങുന്നത് ചതുഷ്‌കോണ മത്സരത്തിന്

തിരഞ്ഞെടുപ്പ് ചൂടിൽ തൃക്കാക്കര; ചരിത്ര വിജയം നേടി നിയമസഭയില്‍ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എല്‍ഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ കളമൊരുങ്ങുന്നത് ചതുഷ്‌കോണ മത്സരത്തിന്

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കരയില്‍, ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നതോടെ, എല്‍ഡിഎഫും, എന്‍ഡിഎയും ഉഷാറായി.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ച ഇന്ന് നടക്കും. തിരുവനന്തപുരത്താണ് യോഗം ചേരുക. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ചര്‍ച്ചകളും നാളെ നടക്കും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്ന് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സുസജമാണ്. തിരഞ്ഞെടുപ്പ് കഴിയുന്നതോടെ നിയമസഭയില്‍ എല്‍ഡിഎഫിന്റെ അംഗബലം 100 ആകും എന്നും ഇ പി പറഞ്ഞു.
വോട്ടുച്ചോദിക്കുന്നത് കേരളത്തിന്റെ സമഗ്ര വികസനത്തിനെന്നും ജയരാജന്‍ പറഞ്ഞു. നിരവധി കെ.വി. തോമസുമാര്‍ എല്‍.ഡി.എഫിനായി ചിന്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സില്‍വര്‍ ലൈന്‍ വിരുദ്ധപ്രക്ഷോഭം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്‍.ഡി.എഫിന് ഉപതിരഞ്ഞെടുപ്പില്‍ വെല്ലുവിളികളുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനു ശേഷം യോജിച്ച സ്ഥാനാര്‍ത്ഥിയെ കണ്ടെത്താമെന്ന കണക്കൂട്ടലിലാണ് എല്‍.ഡി.എഫ്. കൂടാതെ ഉമ തോമസ് ഇവിടെ സ്ഥാനാര്‍ത്ഥിയായി വന്നാല്‍ വനിതാ സ്ഥാനാര്‍ത്ഥിയെ പരീക്ഷിക്കാനും സാദ്ധ്യതയുണ്ട്.

കെ റെയിലിനെതിരായ പ്രചാരണം തിരഞ്ഞെടുപ്പ് ആയുധമാക്കിയാല്‍ യുഡിഎഫ് തോറ്റ് തൊപ്പിയിടുമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ വികസനം കാംക്ഷിക്കുന്നവരാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ മുന്നണി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതായി മാറുമെന്ന് എം സ്വരാജ്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നൂറാമത്തെ നിയമസഭാ അംഗത്തെ സമ്മാനിക്കുന്നതായി മാറുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രാഥമികമായി വിലയിരുത്തപ്പെടും. സമ്പൂര്‍ണമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ജനങ്ങള്‍ ഇടതുപക്ഷത്തെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സജ്ജമെന്ന് മന്ത്രി പി രാജീവ്. സംഘടനാപരമായ ഒരുക്കങ്ങളെല്ലാം പൂര്‍ത്തീകരിച്ചു.മണ്ഡലം കമ്മിറ്റികള്‍ രൂപീകരിച്ചു. ഇടതുപക്ഷ മുന്നണി വിജയിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങളെല്ലാം നടത്തി. നാടിന്റെ വികസനം ആഗ്രഹിക്കുന്നവരാണ് തൃക്കാക്കരയിലെ ജനങ്ങള്‍.

വികസന കാഴ്ചപ്പാട് മുന്നോട്ട് വെയ്ക്കുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നില്‍ക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും പി രാജീവ് പറഞ്ഞു.

എന്‍.ഡി.എയ്ക്ക് വിജയ പ്രതീക്ഷയില്ലെങ്കിലും, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും, ലൗ ജിഹാദ് പോലെയുള്ള പ്രചരണങ്ങളും ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയാണെന്നുള്ളതും ബിജെപി സാന്നിദ്ധ്യം നിര്‍ണ്ണായകമാക്കുന്നു. മൂന്ന് മുന്നണികളെ കൂടാതെ ആം ആദ്മി പാര്‍ട്ടി- ട്വന്റി ട്വന്റി പാര്‍ട്ടികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചതുഷ്‌കോണ മത്സരത്തിനാണ് തൃക്കാക്കരയില്‍ കളമൊരുങ്ങുന്നത്