തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി ട്വന്റി മല്‍സരിച്ചേക്കില്ല; ആംആദ്മി മല്‍സരിച്ചാല്‍ പിന്തുണ നല്‍കാൻ തീരുമാനം

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; ട്വന്റി ട്വന്റി മല്‍സരിച്ചേക്കില്ല; ആംആദ്മി മല്‍സരിച്ചാല്‍ പിന്തുണ നല്‍കാൻ തീരുമാനം

സ്വന്തം ലേഖകൻ

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കഴിക്കമ്പലത്തെ ട്വന്‍റി ട്വന്‍റി ഇത്തവണ മല്‍സരിച്ചേക്കില്ല.

ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാനാണ് ആലോചന. കേജരിവാള്‍ എത്തി മുന്നണി പ്രഖ്യാപിച്ചാലും തൃക്കാക്കരയില്‍ ട്വന്‍റി ട്വന്‍റി പരസ്യപ്രചാരണത്തിന് ഇറങ്ങിയേക്കില്ല. പി ടി തോമസിൻ്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് 31നാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

യുഡിഎഫിൻ്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പി ടി തോമസിൻ്റെ പത്നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.

മറുവശത്ത് കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിൻ്റെ സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി കണ്ട് കോൺഗ്രസിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. ജോലി ആവശ്യത്തിനും മറ്റുമായി പുറത്ത് നിന്നും ആയിരക്കണക്കിനാളുകള്‍ വന്ന് താമസിക്കുന്ന സ്ഥലമാണ് തൃക്കാക്കര. അതിനാല്‍ തന്നെ പൊതുസ്വീകാര്യതയുള്ള ഒരു പ്രമുഖ വ്യക്തതിത്വത്തെ ഇവിടെ സ്ഥാനാര്‍ത്ഥിയായി ഇറക്കണം എന്നൊരു ആലോചന സിപിഎം കേന്ദ്രങ്ങളിലുണ്ട്.

എന്നാല്‍ ഉമയ്ക്ക് എതിരെ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ ഇറക്കണമെന്ന നിര്‍ദേശവും സജീവമാണ്. ഇതൊന്നുമല്ല നിലവിലെ കൊച്ചി മേയര്‍ അനില്‍ കുമാറിനെ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കണം എന്ന നിര്‍ദേശവും ചില കേന്ദ്രങ്ങളില്‍ നിന്നും ഉയരുന്നുണ്ട്.

ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാര്‍ത്ഥിയിലേക്ക് അവര്‍ എത്തിയിട്ടില്ല.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതിരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തിരഞ്ഞെടുപ്പ് ജയിക്കാനായാല്‍ നിയമസഭയിലെ എല്‍ഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള സുവര്‍ണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്.