റോഡ് ഷോയുമായി കളം നിറഞ്ഞ് തോമസ് ചാഴികാടൻ: കൊട്ടിക്കലാശം ആവേശമാക്കി ആഘോഷത്തോടെ അണികൾ; പ്രാർത്ഥനയുമായി പാലായിൽ കൊട്ടിക്കലാശം

റോഡ് ഷോയുമായി കളം നിറഞ്ഞ് തോമസ് ചാഴികാടൻ: കൊട്ടിക്കലാശം ആവേശമാക്കി ആഘോഷത്തോടെ അണികൾ; പ്രാർത്ഥനയുമായി പാലായിൽ കൊട്ടിക്കലാശം

സ്വന്തംലേഖകൻ

കോട്ടയം :   ഒന്നര മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിന്റെ അവസാനം ആഘോഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ കൊട്ടിക്കലാശം. പാലാ ഒഴികെയുള്ള മണ്ഡലങ്ങളിൽ, ആഘോഷത്തോടെ ആർപ്പുവിളികളുമായി റോഡ് ഷോയിലൂടെ കലാശക്കൊട്ട് നടന്നപ്പോൾ, പാലായിൽ സമൂഹ പ്രാർത്ഥനയുമായാണ് പ്രചാരണം സമാപിച്ചത്.
കോട്ടയം നഗരത്തിൽ കളക്ടറേറ്റിനു മുന്നിലെ പെട്രോൾ പമ്പിൽ നിന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ റോഡ് ഷോ ആരംഭിച്ചത്. ആയിരക്കണക്കിന് പ്രവർത്തകർ കൊടി തോരണങ്ങളും, ആർപ്പുവിളികളും ആഘോഷവുമായാണ് പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ അണിനിരന്നത്. നിറങ്ങൾ വാരിവിതറി വർണ്ണപ്രപഞ്ചം സൃഷ്ടിച്ച പ്രവർത്തകർ സ്ഥാനാർത്ഥിയ്ക്കായി മുദ്രാവാക്യം മുഴക്കി, മുഷ്ടി ചുരുട്ടി ആകാശത്തിലേയ്ക്ക് എറിഞ്ഞുകൊണ്ടിരുന്നു. ചെണ്ടമേളവും, നാസിക് ഡോലും, സ്ഥാനാർത്ഥിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഗാനങ്ങളുമായാണ് യുഡിഎഫിന്റെ റോഡ് ഷോ നഗരത്തിലൂടെ കടന്നു വന്നത്.

കളക്ടറേറ്റ് മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശത്തും കൂടി നിന്ന സാധാരണക്കാരായ വോട്ടർമാർ കൈ ഉയർത്തി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന് ആശംസകളും, അനുഗ്രഹവും ചൊരിഞ്ഞുകൊണ്ടേയിരുന്നു. കോട്ടയത്തിന്റെ മണ്ണിൽ തോമസ് ചാഴികാടൻ തന്നെ, രണ്ടില തന്നെ വീണ്ടും അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പിക്കുന്നതായിരുന്നു നഗരത്തിൽ നടന്ന കൊട്ടിക്കലാശത്തിനു മുന്നോടിയായുള്ള റോഡ് ഷോ. സെൻട്രൽ ജംഗ്ഷനിൽ എത്തിയ ശേഷം, ഗാന്ധിസ്‌ക്വയറിലൂടെ കടന്നു വന്ന റോഡ് ഷോ, പോസ്റ്റ് ഓഫിസ് റോഡിലൂടെ പി.ടി ചാക്കോ പ്രതിമയ്ക്ക് സമീപത്തു കൂടി കടന്നു വന്ന്, ശാസ്ത്രി റോഡിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ സമാപിച്ചു. പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂർ മണ്ഡലങ്ങളിലെ പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനായി കോട്ടയം നഗരത്തിൽ ഒത്തു ചേർന്നത്.
പാലായിൽ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രാർത്ഥനയോടെയാണ് യുഡിഎഫ് പ്രവർത്തകർ ഒത്തു ചേർന്നത്. വൈകിട്ട് നാലു മുതൽ തന്നെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിയിലേയ്ക്ക് പ്രവർത്തകരുടെ ഒഴുക്കായിരുന്നു. കെ.എം മാണിയുടെ ഛായാചിത്രത്തിനു മുന്നിൽ വിളക്ക് തെളിയിച്ച ശേഷമായിരുന്നു പ്രാർത്ഥന ആരംഭിച്ചത്. കലാശക്കൊട്ടിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച സമയത്ത് തന്നെ പ്രാർത്ഥനകൾ അവസാനിപ്പിക്കുകയും ചെയ്തു. കടുത്തുരുത്തിയിലും, വൈക്കത്തും, പിറവത്തും കൊട്ടിക്കലാശം ആഘോഷത്തോടെയാണ് നടന്നത്. എല്ലായിടത്തും ആയിരക്കണക്കിന് പ്രവർത്തകർ ആഘോഷത്തിൽ പങ്കെടുത്തു.
ഇന്നു (ഏപ്രിൽ 22) നിശബ്ദ പ്രചാരണത്തിന്റെ ദിവസമാണ്. പരമാവധി വോട്ടർമാരെ വീട്ടിലും , സ്ഥാപനങ്ങളിലും എത്തി  കാണാനാണ് സ്ഥാനാർത്ഥി സമയം ചിലവഴിക്കുക. വോട്ടർമാരെ നേരിൽക്കണ്ട് വോട്ട് ഉറപ്പിക്കാൻ ഓരോ പ്രവർത്തകരും സ്ഥാനാർത്ഥിയായി രംഗത്ത് എത്തുമ്പോൾ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group