തൊടുപുഴയിൽ വൻ ലഹരി വേട്ട: 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ഗുണ്ടാ സംഘാംഗങ്ങൾ പിടിയിൽ; കഞ്ചാവ് എത്തിച്ചത് ഗുണ്ടാ സംഘാംഗങ്ങൾക്കു വിതരണം ചെയ്യാനെന്നു സൂചന

തൊടുപുഴയിൽ വൻ ലഹരി വേട്ട: 50 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി ഗുണ്ടാ സംഘാംഗങ്ങൾ പിടിയിൽ; കഞ്ചാവ് എത്തിച്ചത് ഗുണ്ടാ സംഘാംഗങ്ങൾക്കു വിതരണം ചെയ്യാനെന്നു സൂചന

തേർഡ് ഐ ബ്യൂറോ

തൊടുപുഴ: തമിഴ്‌നാട്ടിൽ നിന്നും തൊടുപുഴയിൽ എത്തിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലെ ഗുണ്ടാ സംഘങ്ങൾക്കു വിതരണം ചെയ്യാൻ എത്തിച്ച 50 കിലോ കഞ്ചാവുമായി രണ്ടംഗ സംഘത്തെ എക്‌സൈസ് പിടികൂടി. മധ്യകേരളത്തിലെ ഗുണ്ടാ സംഘങ്ങൾക്കു വിതരണം ചെയ്യാൻ കമ്പത്തു നിന്നും എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്നാണ് ലഭിക്കുന്ന സൂചന.

കാറിലുണ്ടായിരുന്ന കരിമണ്ണൂർ നെയ്യശ്ശേരി ഇടനയ്ക്കൽ ഹാരിസ് മുഹമ്മദിനെ (25) അറസ്റ്റ് ചെയ്തു. കോലാനി- വെങ്ങല്ലൂർ ബൈപാസിൽ ബുധനാഴ്ച വൈകിട്ട് 7.45 ഓടെയായിരുന്നു സംഭവം. വാഹന പരിശോധന നടത്തുകയായിരുന്ന എക്‌സൈസ് സംഘം റോഡിലൂടെ വരികയായിരുന്ന ഹോണ്ട ജാസ് കാറിന് കൈ കാണിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാർ നിർത്താതെ പോയി. പിന്തുടർന്ന എക്‌സൈസ് സംഘം വെങ്ങല്ലൂർ സിഗ്‌നലിന് സമീപത്തുവെച്ച് വാഹനം കുറുകെയിട്ട് കാർ തടഞ്ഞു. പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ പൊതിക്കെട്ടുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

കേരളത്തിന് വെളിയിൽ നിന്നും തൊടുപുഴ സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്നാണ് പ്രാഥമിക വിവരം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത് തടസപ്പെടുത്താനെത്തിയ മാർട്ടിൻ (ഒടിയൻ മാർട്ടിൻ) എന്നയാളെ എക്‌സൈസ് കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് തൊടുപുഴ റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ പി സുദീപ് കുമാർ പറഞ്ഞു.

ലോക്ക് ഡൗണിനു ശേഷം വാഹന പരിശോധന ശക്തമായതോടെ ഗുണ്ടാ സംഘങ്ങൾ പൊലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് കഞ്ചാവ് കടത്തുന്നത് പതിവാണ്. ലോക്ക് ഡൗണിൽ കഞ്ചാവ് കടത്തിലേയ്ക്കു തിരിഞ്ഞ ഗുണ്ടാ സംഘങ്ങൾ, ഇത് ലാഭകരമായ ബിസിനസാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ കഞ്ചാവ് കടത്തിൽ അടക്കം ഈ മാഫിയ സംഘം ഇടപെട്ടിരിക്കുന്നത്.