കോട്ടയം മാർക്കറ്റിലെ ആന്റിജൻ പരിശോധന: കൊവിഡ് പോസിറ്റീവായത് മൂന്നു പേർ മാത്രം; വ്യാഴവും വെള്ളിയും പരിശോധന തുടരും; കർശന നടപടികളുമായി ആരോഗ്യ വകുപ്പ്

കോട്ടയം മാർക്കറ്റിലെ ആന്റിജൻ പരിശോധന: കൊവിഡ് പോസിറ്റീവായത് മൂന്നു പേർ മാത്രം; വ്യാഴവും വെള്ളിയും പരിശോധന തുടരും; കർശന നടപടികളുമായി ആരോഗ്യ വകുപ്പ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരമധ്യത്തിൽ കൊവിഡ് ഭീതി അകന്നു പച്ചക്കറി മാർക്കറ്റ്. മാർക്കറ്റിനുള്ളിൽ ബുധനാഴ്ച നടത്തിയ ആന്റിജൻ പരിശോധനയിൽ മൂന്നു പേർക്കു മാത്രമാണ് കൊവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. ആകെ 64 പേർക്കു പരിശോധന നടത്തിയപ്പോഴാണ് മൂന്നു പേർ കൊവിഡ് പോസിറ്റീവാണ് എന്നു കണ്ടെത്തിയത്. കൊവിഡ് ഭീതിയിൽ കഴിഞ്ഞിരുന്ന മാർക്കറ്റിലുള്ളവർക്കും, ഇവിടുത്തെ വ്യാപാരികൾക്കും ആശ്വാസം നൽകുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

മാർക്കറ്റിൽ ഓണത്തിനു മുൻപ് നിരവധി ആളുകൾക്കു കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോടിമത എം.ജി റോഡരികിലെ പച്ചക്കറി മാർക്കറ്റിലും, മീൻ മാർക്കറ്റിലും, ഉണക്കമീൻ മാർക്കറ്റിലുമാണ് വ്യാപാരികൾക്കിടയിലും തൊഴിലാളികൾക്കിടയിലും കൊവിഡ് പടർന്നു പിടിച്ചത്. ഇതേ തുടർന്നു മാർക്കറ്റ് അടച്ചിടുന്നതിനു വരെ ഒരു ഘട്ടത്തിൽ വ്യാപാരികളുടെ സംഘടനകൾ ചേർന്നു തീരുമാനം എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഇതിനു ശേഷം ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ചേർന്നു വ്യാപാരികൾക്കു ആന്റിജൻ പരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. തൊഴിലാളികളും കടയുടമകളും ഉൾപ്പെടെയുള്ളവരെയാണു പരിശോധനയ്ക്കു വിധേയരാക്കിയത്. വ്യാഴവും വെള്ളിയുമായി പലചരക്കു മാർക്കറ്റിൽ വ്യാപക പരിശോധന നടത്താനാണു തീരുമാനം. പച്ചക്കറി, പച്ചമീൻ മാർക്കറ്റുകളിലായി അമ്പതിലേറെ പേർക്കു രണ്ടാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചതോടെയാണു കർശന നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തിയത്.

ആദ്യഘട്ടത്തിലെ ആന്റിജൻ പരിശോധനയിൽ കൂടുതൽ പേർക്കു രോഗം സ്ഥിരീകരിച്ചതോടെ പച്ചക്കറി, പച്ചമീൻ, പലചരക്കു മാർക്കറ്റുകൾ അടച്ചിടാൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി.
മൂന്നു മാർക്കറ്റുകളിലും ആന്റിജൻ പരിശോധന നടത്തിയ ശേഷമാകും അടച്ചിടുന്നതുൾപ്പെടെയുള്ള കാര്യത്തിൽ തീരുമാനമെടുക്കുക. ഇന്നും നാളെയും പലചരക്കു മാർക്കറ്റിൽ രണ്ടു സ്ഥങ്ങൾ കേന്ദ്രീകരിച്ചാകും പരിശോധന. ഈരയിൽക്കടവിൽ നിന്നുള്ള വഴിയിലും വ്യാപാര ഭവനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്തു പരിശോധനാ നടത്താനാണു തീരുമാനം.

അതേസമയം, കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു പച്ചക്കറി മാർക്കറ്റിൽ പതിനേഴോളം കടകൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. നിലവിൽ രോഗബാധിതരുള്ള കടകൾ മാത്രമാണ് അടയ്ക്കുന്നത്. എന്നാൽ, രോഗബാധിതരെ കണ്ടെത്തുന്ന കടകളിൽ സാനിറ്റൈസേഷൻ നടത്തിയ ശേഷം പകരം ജീവനക്കാരെ ഉപയോഗിച്ചു വ്യാപാരം നടത്താൻ അധികൃതർ അനുവാദം നൽകിയിട്ടുണ്ട്.