play-sharp-fill
തെങ്ങണയിലെ സ്വകാര്യ സ്‌കൂളിലെ മാലിന്യ പ്രശ്‌നം അതിരൂക്ഷം: ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സ്‌കൂൾ അധികൃതർ

തെങ്ങണയിലെ സ്വകാര്യ സ്‌കൂളിലെ മാലിന്യ പ്രശ്‌നം അതിരൂക്ഷം: ആറായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ സ്‌കൂൾ അധികൃതർ

സ്വന്തം ലേഖകൻ

കോട്ടയം: തെങ്ങണയിലെ സ്വകാര്യ സ്‌കൂളിൽ നിന്നുള്ള മാലിന്യം നാട്ടുകാർക്ക് ദുരിതമാകുന്നു. ആറായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ നിന്നുള്ള മാലിന്യമാണ് പുറത്തേയ്ക്ക് ഒഴുകുന്നത്. നാട്ടുകാരുടെ ദുരിതം ഇരട്ടിയാക്കിയാണ് ഇപ്പോൾ മാലിന്യം പുറം തള്ളുന്നത്. ഇതോടെ സ്‌കൂളിന്റെ പരിസരത്ത് താമസിക്കുന്ന ആളുകളുടെ കിണറുകൾ പോലും വൃത്തിഹീനമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.

ആറായിരത്തോളം കുട്ടികളും ഇരുനൂറിലേറെ അദ്ധ്യാപകരുമുള്ള സ്‌കൂളാണ് ഇത്. ഈ സ്‌കൂളിലാണ് കുട്ടികൾ പ്രാഥമിക കർത്തവ്യങ്ങൾ നിർവഹിക്കുന്നത് അടക്കം റോഡിലേയ്ക്ക് ഒഴുകുന്നത്. ഇത്തരത്തിൽ ബാത്ത്‌റൂം മാലിന്യങ്ങൾ അടക്കം റോഡിലേയ്ക്കും, സമീപത്തെ പുരയിടത്തിലേയ്ക്കുമാണ് ഒഴുകിയെത്തുന്നത്. ഈ മാലിന്യങ്ങൾ സമീപ പ്രദേശത്തെ കിണറുകളിലേയ്ക്ക് ഒഴുകിയെത്തുകയാണ്. ഈ കിണറുകൾ ഇതുവഴി മലിനമാകുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കൂടാതെയാണ് സ്‌കൂളിലെ ഭക്ഷണ അവശിഷ്ടങ്ങൾ അടക്കമുള്ളവ സമീപത്തെ പുരയിടത്തിലേയ്ക്കു തള്ളുന്നത്. കുട്ടികളുടെ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അടക്കം ഇത്തരത്തിൽ പുറത്തേയ്ക്കു തള്ളുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തിരമായി പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വിവിധ സർക്കാർ വകുപ്പുകൾക്കു പരാതി നൽകിയിട്ടുണ്ട്.

സ്‌കൂളിനു സമീപത്തെ ഒഴിഞ്ഞ പുരയിടത്തിലാണ് ഇവർ മാലിന്യം തള്ളുന്നത്. ഇത്തരത്തിൽ മാലിന്യം തള്ളുന്നതോടെ പ്രദേശവാസികൾക്ക് ദുർഗന്ധം അനുഭവപ്പെടുന്നു. ഈ മാലിന്യം കഴിക്കുന്നതിനായി നായ്ക്കളും കാക്കയും മറ്റുള്ള പക്ഷികളും എത്തുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ കാക്ക കൊത്തിയെടുത്ത് സമീപത്തെ കിണറ്റിൽ അടക്കം തള്ളുകയാണ്. ഈ സാഹചര്യത്തിൽ മാലിന്യ പ്രശ്‌നത്തിനു അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.