‘മുഖത്തെ പരിക്കിന് കൈയ്യില്‍ എക്സ‍റേ’; ആശുപത്രി ജീവനക്കാരി ചമഞ്ഞ് ആഭരണങ്ങൾ കവരാൻ ശ്രമം ; യുവതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

‘മുഖത്തെ പരിക്കിന് കൈയ്യില്‍ എക്സ‍റേ’; ആശുപത്രി ജീവനക്കാരി ചമഞ്ഞ് ആഭരണങ്ങൾ കവരാൻ ശ്രമം ; യുവതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

സ്വന്തം ലേഖകൻ
തൃശൂർ: കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ വയോധികയുടെ സ്വർണ്ണം തട്ടിയെടുക്കാൻ ശ്രമിക്കവേ യുവതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി. മുംബൈയിൽ സ്ഥിരതാമസമാക്കിയ വെള്ളിക്കുളങ്ങര സ്വദേശി ശിൽപയാണ് അറസ്റ്റിലായത്. ചികിൽസ തേടിയെത്തിയ വയോധികയെ കബളിപ്പിച്ച് ശില്‍പ സ്വര്‍ണ്ണം കവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്.

തൃശൂർ കൊടകരയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറെ കണ്ട് മടങ്ങുകയായിരുന്ന വയോധികയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാരിയെന്ന വ്യാജേനയാണ് ശിൽപയെത്തിയത്. എക്സറേ എടുക്കാൻ ഡോക്ടർ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് എക്സറേ സെന്ററിനു സമീപത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നതിനു ശേഷം കൈയ്യിലാണ് എക്സ്റേ എടുക്കുന്നതെന്നും സര്‍ണ്ണാഭരണങ്ങള്‍ ഊരിത്തരണമെന്നും ശിൽപ ആവശ്യപ്പെട്ടു.

എന്നാല്‍ വയോധികയ്ക്ക് മുഖത്തായിരുന്നു പരിക്ക്. സംശയം തോന്നിയ സ്ത്രീ ആശുപ്രതിയിൽ ജോലി ചെയ്തിരുന്ന മകളെ വിളിച്ചു. മകള്‍ സെക്യൂരിറ്റി ജീവനക്കാരെയും വിവരമറിയിച്ചു. കുടുങ്ങുമെന്നായപ്പോൾ മുങ്ങാൻ നോക്കിയ ശില്പയെ ആശുപ്രതി ജീവനക്കാരും നാട്ടുകാരും ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാനമായ രീതിയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലും ശില്പ മോഷണം നടത്തിയിരുന്നു. അഞ്ച് പവന്റെ മാലയായിരുന്നു മോഷണം പോയത്. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലായിരുന്നു ശിൽപയെ പിടികൂടുന്നത്. ഇതോടെയാണ് ചാലക്കുടി താലൂക്ക് ആശുപത്രിയിലും മോഷണം നടത്തിയത് ശില്പയാണെന്ന് തിരിച്ചറിഞ്ഞത് .