flash
തട്ടുകടകൾ തട്ടിപ്പാകാതിരിക്കാൻ രാത്രിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം: നഗരത്തിലെ തട്ടുകടകളിൽ അരിച്ചുപെറുക്കി സംയുക്ത പരിശോധന; വെള്ളത്തിൽ നിന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത

തട്ടുകടകൾ തട്ടിപ്പാകാതിരിക്കാൻ രാത്രിയിൽ പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം: നഗരത്തിലെ തട്ടുകടകളിൽ അരിച്ചുപെറുക്കി സംയുക്ത പരിശോധന; വെള്ളത്തിൽ നിന്നും രോഗം പടരാതിരിക്കാൻ അതീവ ജാഗ്രത

തേർഡ് ഐ ബ്യൂറോ
കോട്ടയം: നഗരത്തിൽ രാത്രിയിലെത്തി ഭക്ഷണം കഴിക്കുന്നത് ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ രാത്രി കാല പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംയുക്ത സ്‌ക്വാഡ്. ഭക്ഷ്യസുരക്ഷാ വകുപ്പും നഗരസഭയിലെ ആരോഗ്യ വിഭാഗവും ചേർന്നാണ് തിങ്കളാഴ്ച രാത്രിയിൽ നഗരത്തിൽ പരിശോധന നടത്തിയത്.
കോട്ടയം നഗരത്തിൽ കളക്ടറേറ്റ്, മലയാള മനോരമ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി സെൻട്രൽ ജംഗ്ഷൻ, പുളിമൂട് ജംഗ്ഷൻ, കോടിമത എന്നിവിടങ്ങളിലെ തട്ടുകടകളിൽ സംഘം പരിശോധന നടത്തി. ഇതുകൂടാതെ രാത്രി വൈകിയും പ്രവർത്തിക്കുന്ന ഹോട്ടലുകളിലും, ബജിക്കടകളിലും, ലഘുഭക്ഷണങ്ങൾ ലഭ്യമാകുന്ന സ്ഥാപനങ്ങളിലും സ്‌ക്വാഡ് പരിശോധന നടത്തി.
നഗരത്തിൽ രാത്രി പ്രവർത്തിക്കുന്ന ബജിക്കടകളും തട്ടുകടകളും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതായും, ഭക്ഷണം പാകം ചെയ്യുന്നതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരാതികൾ ഉയർന്ന സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തി. ഇത്തരത്തിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലയെ സമ്പൂർണ്ണ ഭക്ഷ്യസുരക്ഷാ ജില്ലയാക്കി മാറ്റുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന. ഹോട്ടലുകളിൽ കുടിക്കാൻ നൽകുന്ന വെള്ളവും പാത്രം കഴുകുന്ന വെള്ളവും അടക്കം പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കി. പാത്രം കഴുകുന്ന വെള്ളം ഓടയിലേയ്ക്ക് ഒഴുകിവിടുന്നതായി കണ്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകും.