തിരുവാതുക്കലിലെ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയിൽ; ഇനി പിടിയിലാകാനുള്ളത് കഞ്ചാവ് കേസിൽ പ്രതിയായ അച്ഛന്റെ മക്കൾ

തിരുവാതുക്കലിലെ കഞ്ചാവ് മാഫിയയുടെ ഗുണ്ടാ ആക്രമണം: പ്രധാന പ്രതി പിടിയിൽ; ഇനി പിടിയിലാകാനുള്ളത് കഞ്ചാവ് കേസിൽ പ്രതിയായ അച്ഛന്റെ മക്കൾ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: തിരുവാതുക്കലിൽ വീട് തല്ലിത്തകർക്കുകയും അയൽവാസിയുടെ തല അടിച്ചു പൊട്ടിക്കുകയും ചെയ്ത കഞ്ചാവ് മാഫിയ സംഘത്തിലെ പ്രധാന പ്രതികളിൽ ഒരാളായ യുവാവ് പിടിയിൽ. വേളൂർ ആണ്ടൂർപറമ്പിൽ വീട്ടിൽ ഷാജിയുടെ മകൻ നിധിൻ ഷാജി(21)യെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസിൽ ഇനി ഏഴു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇതിൽ വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയതിനു പൊലീസ് പിടികൂടി റിമാൻഡ് ചെയ്ത അച്ഛന്റെ രണ്ടു മക്കളുമുണ്ട്. ഞായറാഴ്ച വൈകിട്ട് നാലരയോടെ അക്രമണമുണ്ടായത്. തിരുവാതുക്കൽ മാന്താറ്റിൽ കളത്തൂത്തറ വീട്ടിൽ മെഹബൂബിന്റെ വീടും, മുറ്റത്തിരുന്ന സ്‌കൂട്ടറുമാണ് മാഫിയ സംഘം തല്ലിത്തകർത്തത്. അക്രമം കണ്ട് ഓടിയെത്തിയ അയൽവാസി കാർത്തിക്കിനെ (24) ഗുണ്ടാ സംഘം കമ്പിവടിയ്ക്ക് തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
പ്രദേശത്ത് കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ യുവാക്കളും നാട്ടുകാരും തമ്മിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടായിരുന്നു. ഇതിന് പകരം ചോദിക്കാൻ എത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു വച്ച് ബൈക്കുകൾ പൊലീസിനു കൈമാറി. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ കമ്പിവടിയും വടിവാളുമായി എത്തിയ സംഘം വീടുകയറി ആക്രമണം നടത്തിയത്. കളത്തൂത്തറ വീടിന്റെ ജനൽ ചില്ലുകളും ബൈക്കും മറ്റും സംഘം തല്ലിത്തകർക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.