ഓപ്പറേഷൻ സാഗർ റാണി: ജില്ലയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

ഓപ്പറേഷൻ സാഗർ റാണി: ജില്ലയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ; 16 സ്ഥാപനങ്ങൾക്ക് നോട്ടീസ്; രണ്ടു സ്ഥാപനങ്ങളിൽ നിന്നും പിഴ ഈടാക്കും

തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ മീൻ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് 15 കിലോ പഴകിയ മീൻ. അമോണിയം അടക്കമുള്ള രാസവസ്തുക്കൾ ചേർത്ത് മീൻ വിറ്റ 16 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയപ്പോൾ രണ്ടെണ്ണത്തിൽ നിന്നും പിഴ ഈടാക്കി. എന്നാൽ, കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ജില്ലയിൽ ഒരിടത്തു നിന്നു പോലും ഫോർമാലിന്റെ സാന്നിധ്യം മീനിൽ നിന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ട്രോളിംങ് നിരോധനം നിലനിൽക്കുന്നതിനാൽ തമിഴ്‌നാട്ടിൽ നിന്ന് അടക്കം വിവിധ സ്ഥലങ്ങളിൽ നിന്നും വൻ തോതിൽ കേരളത്തിലേയ്ക്ക് മീൻ എത്തുന്നുണ്ട്. ഈ മീൻ കേടുകൂടാതെ ഇരിക്കാൻ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗവും ഫിഷറീസ് വകുപ്പും ചേർന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തിയത്.
കോട്ടയം ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണറുടെ നിർദേശപ്രകാരമായിരുന്നു ജില്ലയിലെ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്. ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ എം.ടി ബേബിച്ചൻ, വി.എൽ ജ്യോത്സന, ലക്ഷ്മി വി.നായർ, തെരേസ്ലിൻ ലൂയിസ്, നിമ്മി അഗസ്റ്റിൻ, ഷെറിൻ സാറാ ജോർജ് എന്നിവരാണ് ഓരോ സ്‌ക്വാഡുകളായി തിരിഞ്ഞ് പരിശോധന നടത്തിയത്.