ഇലന്തൂർ നരബലി: ആത്മാവിന് ശാന്തികിട്ടണം, ചടങ്ങുകൾ വൈകിപ്പിക്കാനാവില്ല; പത്മയുടെ മൃതദേഹം ഇന്ന് സംസ്കരിക്കുമെന്ന് മകൻ സെൽവരാജ്.
ഇലന്തൂർ നരബലിയില് കൊല്ലപ്പെട്ട തമിഴ്നാട് സ്വദേശിനി പത്മയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ പത്മയാണെന്ന് സ്ഥിരീകരിച്ചതോടെയാണ് മൃതദേഹാവിശിഷ്ടങ്ങള് കൈമാറിയത്. പത്മയുടെ മകൻ സെൽവരാജാണ് മൃതദേഹം ഏറ്റുവാങ്ങിയത്. ഇന്ന് തന്നെ മൃതദേഹാവിശിഷ്ടങ്ങള് ധർമപുരിയിലേക്ക് കൊണ്ടുപോകുമെന്നും വൈകുന്നേരത്തോടെ സംസ്കാരം നടത്തുമെന്നും മകൻ പറഞ്ഞു. പത്മയെ കാണാതായതോടെ തന്നെ മകനടക്കമുള്ള ബന്ധുക്കൾ കൊച്ചിയിലെത്തിയിരുന്നു. മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതിനെതിരെ കുടുംബം മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിയും നൽകി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുടുംബത്തിന് മൃതദേഹം കൈമാറിയത്. സംസ്കാര ചടങ്ങുകൾക്കായുള്ള ഒരുക്കം നാട്ടിൽ തുടങ്ങിയെന്നും മകൻ സെൽവരാജ് പറഞ്ഞു. […]