ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’;എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’…ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരന് പ്രണാമം…

ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’;എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’…ചരിത്രവും വർത്തമാനവും ഭാവനയും ഒരുമിച്ച് നടത്തിയ എഴുത്തുകാരന് പ്രണാമം…

ദേശസ്മൃതിയും കാലസ്മൃതിയുമാണ് എഴുത്തെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ടി പി രാജീവന് താന്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളെക്കുറിച്ച് വേവലാതികളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്ന് മാത്രമല്ല അതെല്ലാം കൃത്യമായി പ്രകടിപ്പിക്കാനും രാജീവന്‍ ശ്രമിച്ചിരുന്നു. മരത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ആകാശവും വേര് പടര്‍ത്താന്‍ മണ്ണും വേണമെന്നതുപോലെ ദേശത്തിന്റെ ചരിത്രവും നിഗൂഢതകളും തന്റെ കൃതികളില്‍ അലിഞ്ഞുചേരുന്നുവെന്നാണ് രാജീവന്‍ തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. ദേശം മണ്ണാണെങ്കില്‍ കാലം ആകാശമാണെന്നാണ് രാജീവന്റെ അഭിപ്രായം. ടി പി രാജീവന്റെ ആദ്യ നോവലായ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തന്നെ ഈ ആകാശത്തിലും മണ്ണിലും പടര്‍ന്നുപന്തലിച്ചതായി നോവല്‍ വായിച്ച ആര്‍ക്കും മനസിലാകും.

രാഷ്ട്രീയം, സിനിമ, യാത്ര, സംസ്‌കാരം, സാഹിത്യം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്വന്തം അഭിപ്രായം തുറന്ന് പറയുകയും ചെയ്യുക ടി പി രാജീവന്റെ പതിവായിരുന്നു. പൗരത്വഭേദഗതി നിയമം, കേരളത്തിലെ ഇടത് തുടര്‍ഭരണം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങി പല വിഷയങ്ങളില്‍ രാജീവന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിട്ടുമുണ്ട്.

ഒരു മുസ്ലീമിന് പൗരത്വം പോയാല്‍ താന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് പതറാതെ രാജീവന്‍ പരസ്യമായി പ്രഖ്യാപിച്ചു. സിപിഐഎമ്മിന് നേരെയുള്ള ടി പി രാജീവന്റെ വിമര്‍ശനങ്ങളും രൂക്ഷമായിരുന്നു. ഇടതുമുന്നണി തുടര്‍ഭരണം നേടിയതിന് ശേഷം അത് കുറച്ചുകൂടി ശക്തമായി. ഇടതുഭരണം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വിമര്‍ശനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സംഘടിത മതത്തിന്റെ രൂപഘടന ആര്‍ജിച്ച പ്രസ്ഥാനമായി മാറിയെന്നും രാജീവന്‍ പലയിടത്തും പറഞ്ഞു.പറഞ്ഞുകൊണ്ടേയിരുന്നു…

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ് ടി പി രാജീവൻ. ആധുനികതയുടെ വിച്ഛേദം സമർത്ഥമായി പ്രകടിപ്പിച്ച കവി.അതു പിന്നീട് വന്ന പുതുകവികൾക്ക് വലിയ പ്രചോദനമായി. മലയാളത്തിലും ഇം​ഗ്ലീഷിലുമായി നിരവധി കവിതകൾ രചിച്ചിട്ടുണ്ട്. ‘ദി ഹിന്ദു’ പത്രത്തിൽ സ്ഥിരമായി സാഹിത്യ നിരൂപണം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ വിവിധ കവിതകൾ ഇം​ഗ്ലീഷ് കൂടാതെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്തിരുന്നു. തച്ചംപൊയിൽ രാജീവൻ എന്ന പേരിലാണ് ഇംഗ്ലീഷിൽ കവിതകളും ലേഖനങ്ങളും എഴുതിയിരുന്നത്.

1959-ൽ കോഴിക്കോട് പാലേരിയിലാണ് ടി പി രാജീവന്റെ ജനനം. അമ്മയുടെ നാടായ കോട്ടൂരിലും അച്ഛൻറെ നാടായ പാലേരിയിലുമായിരുന്നു ബാല്യം. പാലേരിയുമായി ബന്ധപ്പെട്ടായിരുന്നു ‘പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻറെ കഥ’ എന്ന ആദ്യ നോവൽ എഴുതിയത്. അമ്മയുടെ നാടായ കോട്ടൂരുമായി ബന്ധപ്പെട്ട നോവൽ ആയിരുന്നു ‘കെടിഎൻ കോട്ടൂർ’ എന്ന നോവൽ. ഈ രണ്ടു നോവലുകളും പിന്നീട് രഞ്ജിത്ത് സിനിമയാക്കിയിരുന്നു. കെടിഎൻ കോട്ടൂർ എന്ന നോവൽ ‘ഞാൻ’ എന്ന പേരിലാണ് സിനിമയായി പുറത്തിറങ്ങിയത്.

ഇംഗ്ലീഷ് സാഹിത്യത്തിൽ ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ നിന്ന് എംഎ ബിരുദം നേടി. കുറച്ചുകാലം ഡൽഹിയിൽ പത്ര പ്രവർത്തകനായി പ്രവർത്തിച്ചു. വാതിൽ, രാഷ്ട്രതന്ത്രം, കോരിത്തരിച്ച നാൾ എന്നിവ അദ്ദേഹത്തിന്റെ മലയാള കവിതകളാണ്. കണ്ണകി, തേഡ് വേൾഡ് എന്നിവ ടി പി രാജീവന്റെ ഇം​ഗ്ലീഷ് കവിത സമാഹാരങ്ങളാണ്. 2014 ‘കെടിഎൻ കോട്ടൂർ എഴുത്തും ജീവിതവും’ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളെ വളരെ പോസിറ്റീവായാണ് താന്‍ കാണുന്നതെന്ന് പലപ്പോഴും പറയാറുള്ള ടി പി ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വളരെ സജീവമായ ഇടപെടലുകളാണ് നടത്തിവന്നിരുന്നത്. ആ ഫേസ്ബുക്ക് കുറിപ്പുകളില്‍ കാലവും ദേശവും വിമര്‍ശനവും സൗന്ദര്യവും സര്‍ഗാത്മകതയും ചരിത്രവും കവിതയും ഒഴുകി. ശങ്കരാചാര്യരെക്കുറിച്ചും കസ്തൂര്‍ബാ ഗാന്ധിയെക്കുറിച്ചും എഴുതിവന്നിരുന്ന നോവലുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേയാണ് ടി പി രാജീവന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

Tags :