സീറോമലബാർ സഭയിലെ വിവാദങ്ങൾക്ക് വിട ; അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പുറത്ത്; പകരം ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്റണി കരിയിൽ

സീറോമലബാർ സഭയിലെ വിവാദങ്ങൾക്ക് വിട ; അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പുറത്ത്; പകരം ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്റണി കരിയിൽ

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭ എറണാകുളം – അങ്കമാലി അതിരൂപത ഭരണച്ചുമതലയില്‍ നിന്നു മാറ്റി. പകരം ആര്‍ച്ച്‌ ബിഷപ്പായി മാര്‍ ആന്റണി കരിയിലിനെ നിയോഗിച്ചു. ഭൂമി വിവാദമടക്കം എറണാകുളം- അങ്കമാലി അതിരൂപതയിൽ രണ്ട് വർഷമായി പുകയുന്ന പ്രതിസന്ധികൾക്കാണ് ഇതോടെ പരിഹാരമാവുന്നത്.

സഭാ ഭൂമി വിൽപ്പനയിൽ വിമതവിഭാഗത്തെ പിന്തുണച്ചതിന് സസ്പെന്‍റ് ചെയ്യപ്പെട്ട സെബാസ്റ്റ്യൻ എടയന്ത്രത്തിനെയും മാർ ജോസ് പുത്തൻവീട്ടിലിനെയും സ്ഥലം മാറ്റാനും തീരുമാനമായിട്ടുണ്ട്. മാർപാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക് ഉണ്ടാകും.

ഇതോടെ ആലഞ്ചേരിക്ക് ഇനി ആത്മീയ അധികാരങ്ങള്‍ മാത്രമായി ചുരുങ്ങും. നേരത്തേ സഭയുടെ ഭൂമി ഇടപാടുകള്‍ വിവാദമായ സാചര്യത്തില്‍ വത്തിക്കാന്‍ ഇടപെട്ട് മാര്‍ ആലഞ്ചേരിയെ അതിരൂപതയുടെ ഭരണ ചുമതലയില്‍ നിന്ന് നീക്കിയിരുന്നു. മാര്‍ ജേക്കബ് മനത്തോടത്തിനെയാണ് അന്ന് അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്‌ ബിഷപ്പായി നിയമിച്ചത്. പിന്നീട് ഏറെക്കുറെ നാടകീയമായി ആലഞ്ചേരി അധികാരത്തിലേക്ക് തിരിച്ചു വരികയായിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു വിഭാഗം വൈദികരും അല്‍മായരും ശക്തമായ പ്രതിഷേധം ഉയര്‍ത്തി. സഭാഭരണ ചുമതലയില്‍ നിന്ന് അദ്ദേഹത്തെ മാറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന സഭയുടെ സമ്പൂർണ സിനഡിന്റെ തീരുമാനപ്രകാരമാണ് പുതിയ നിയമനം. ആന്റണി കരിയിലിന് പുറമെ ജപ്പാനിലെ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആയ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത്, അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച്‌ ബിഷപ്പായി പ്രവര്‍ത്തിച്ച മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരുടെ പേരുകളും പരിഗണനക്ക് വന്നിരുന്നു.

മാണ്ഡ്യ രൂപതയുടെ ബിഷപ്പായിരുന്നു, ആന്റണി കരിയില്‍. 1950 മാര്‍ച്ച്‌ 26-ന് ചേര്‍ത്തലയില്‍ ജനിച്ച ആന്റണി കരിയില്‍ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്. സി എം ഐ സഭയുടെ പ്രിയോര്‍ ജനറലായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 ഒക്‌റ്റോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷക്തനാകുന്നത്.