play-sharp-fill
മുസ്ലിം ലീഗിന് ആശ്വാസം..! മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം..! ഹർജി സുപ്രീംകോടതി തള്ളി

മുസ്ലിം ലീഗിന് ആശ്വാസം..! മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണം..! ഹർജി സുപ്രീംകോടതി തള്ളി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്ന് ഹർജി തള്ളി സുപ്രീംകോടതി. മതപരമായ അര്‍ത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ഹര്‍ജി തള്ളണമെന്ന എതിര്‍ കക്ഷികളുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരാതിക്കാരനായ ഉത്തര്‍പ്രദേശ് ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യദ് വസീം റിസ്വി ഹര്‍ജി പിന്‍വലിച്ചു. മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് വഖഫ് മുന്‍ ചെയര്‍മാന്‍ സയ്യിദ് വസീം റിസ്വി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ജസ്റ്റിസുമാരായ എംആര്‍ ഷാ, അഹ്സനാദുയിന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് തളളിയത്. സമീപകാലത്തായി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ശേഷം, റിസ്വി ജിതേന്ദ്ര നാരായണ്‍ സിംഗ് ത്യാഗി എന്ന പുതിയ പേര് സ്വീകരിച്ചിരുന്നു. മതപരമായ അര്‍ത്ഥങ്ങളുള്ള പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കുക മാത്രമല്ല, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ ചില വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കുകയും വേണം, ഇങ്ങനെ ചെയ്യുന്നത് വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതും വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയോ വിദ്വേഷമോ വളര്‍ത്തുന്നതും തടയുമെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.

ഹര്‍ജിക്കാരന്റെ അഭിഭാഷകനെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കുന്നതിന് മുമ്പ്, ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ കെ കെ വേണുഗോപാല്‍ സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ഹര്‍ജിയുടെ പകര്‍പ്പ് സുപ്രീം കോടതി ബെഞ്ചില്‍ സമര്‍പ്പിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ജി തള്ളണമെന്ന് വേണുഗോപാല്‍ വാദിച്ചു.