വീട് വിൽപന നടക്കുന്നില്ലെന്നും പറഞ്ഞ് പെട്രോൾ കാനുമായി മുറിയ്ക്കുള്ളിൽ കയറി കതകടച്ചു; മൂന്ന് മണിക്കൂർ വീടിനുള്ളിൽത്തന്നെ നിലയുറപ്പിച്ചു; നാടിനെയും പൊലീസ് ഉദ്യോഗസ്ഥരെയും മുൾമുനയിൽ നിർത്തി യുവാവിന്റെ ആത്മഹത്യാശ്രമം
സ്വന്തം ലേഖകൻ
ചക്കരക്കൽ: ആത്മഹത്യ ശ്രമങ്ങൾ പലപ്പോഴും പൊലീസിനെ വലയ്ക്കാറുണ്ടെങ്കിലും ചക്കരക്കൽ ഇന്നലെ നടന്ന ആത്മഹത്യാ ഭീഷണി ശരിക്കും പൊലീസിനെ വെള്ളം കുടിപ്പിക്കുകയായിരുന്നു.നാടിനെയും നാട്ടുകാരെയും പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് മണിക്കൂർ മുൾമുനയിൽ നിർത്തി കൊണ്ടായിരുന്നു യുവാവിന്റെ ആത്മഹത്യാശ്രമം.
ചക്കരക്കൽ തലമുണ്ടയിലെ പാറോത്ത്ചാലിൽ പി.സി.ഷമീൽ (41) ആണ് വീട്ടിനകത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി നടത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചക്കരക്കൽ പൊലീസും കണ്ണൂർ ഫയർഫോഴ്‌സും സ്ഥലത്ത് എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട് വിൽപന നടക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യാ ശ്രമമെന്ന് പറയപ്പെടുന്നു. കണ്ണൂർ ഫയർ സ്റ്റേഷൻ ഓഫിസർ കെ.വി.ലക്ഷ്മണൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.വേണു, സീനിയർ ഫയർ റസ്‌ക്യു ഓഫിസർമാരായ എ.കുഞ്ഞികണ്ണൻ നിയാസ്, ഉദ്വിത്ത്, ടി.പി.ജോണി, ചക്കരക്കൽ എസ് ഐ പി.പി.ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂന്ന്മണിക്കൂറോളം നീണ്ട അനുരഞ്ജനത്തിലൂടെയാണ് ഇയാളെ വീട്ടിൽ നിന്നു പുറത്ത് ഇറക്കിയത്.
സംഭവം അറിഞ്ഞ് മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനുഷയും സ്ഥലത്ത് എത്തി. ബുധനാഴ്‌ച്ച ഉച്ചക്ക് രണ്ടര മണിക്കാണ് സംഭവം. 5.30 ഓടെയാണ് ഇയാളെ വീട്ടിനകത്ത് നിന്ന് പുറത്തിറക്കിയ ശേഷം പൊലീസും ഫയർ ഫോഴ്‌സും മടങ്ങിയത്.