play-sharp-fill
കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ്  വീട്ടിലേക്ക് വിളിച്ചു വരുത്തി; മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവും സ്‌കൂട്ടറും കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിച്ചു; കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം ; ചുരുളഴിച്ച് പൊലീസ്; അയൽവാസികളായ മൂന്നുപേർ പിടിയിൽ

കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹവും സ്‌കൂട്ടറും കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിച്ചു; കോതമംഗലത്തെ സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം ; ചുരുളഴിച്ച് പൊലീസ്; അയൽവാസികളായ മൂന്നുപേർ പിടിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : കോതമംഗലത്ത് സ്റ്റുഡിയോ ഉടമ എൽദോസ് പോൾ പെരിയാർവാലി കനാൽ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. കേസിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയൽവാസിയായ എൽദോ ജോയിയും മാതാപിതാക്കളുമാണ് പിടിയിലായത്.


ചേലാട് സെവൻ ആർട്‌സ് സ്റ്റുഡിയോ ഉടമ പിണ്ടിമന നിരവത്തുകണ്ടത്തിൽ എൽദോസ് പോളിനെ (40) തിങ്കളാഴ്ച രാവിലെ വീടിനടുത്തുള്ള കനാൽ ബണ്ട് തിട്ടയിൽ സ്‌കൂട്ടർ മറിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ എൽദോസിന്റെ മൊബൈൽ ഫോൺ കണ്ടെത്താനാവാത്തത് പൊലീസിൽ സംശയം ജനിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിൽ മുറിവേറ്റിരുന്നതായും വ്യക്തമായി. തുടർന്ന് മരിച്ച എൽദോസിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. എൽദേസിന്റെ ഫോണിലേക്ക് ഞായറാഴ്ച രാത്രി വന്ന വിളികൾ പരിശോധിച്ചാണ് പരിസരവാസിയെ കസ്റ്റഡിയിലെടുത്തത്. പണമിടപാടുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.

മരിച്ച എൽദോസ് പോൾ രണ്ട് ലക്ഷം രൂപ എൽദോ ജോയിക്ക് നൽകിയതായും ഇത് തിരികെ ചോദിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കടം വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് പ്രതി എൽദോസിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി.

തുടർന്ന് മഴുക്കയ്യിന് തലയ്ക്ക് പിന്നിലടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പ്രതികൾ മൃതദേഹം കനാൽ ബണ്ട് തിട്ടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സമീപത്തുതന്നെ സ്‌കൂട്ടറും ഉപേക്ഷിച്ചു. ഇതോടെ അപകടമരണമെന്ന് നാട്ടുകാർ കരുതുമെന്നാണ് പ്രതികൾ വിചാരിച്ചത്.