കൊച്ചി കടപ്പുറത്ത് വഴിയോരത്ത് അനധികൃത തട്ട് കച്ചവടം സജീവം ; തട്ട് കച്ചവടക്കാരിൽ ഏറെയും ഇതരസംസ്ഥാനക്കാർ

കൊച്ചി കടപ്പുറത്ത് വഴിയോരത്ത് അനധികൃത തട്ട് കച്ചവടം സജീവം ; തട്ട് കച്ചവടക്കാരിൽ ഏറെയും ഇതരസംസ്ഥാനക്കാർ

 

സ്വന്തം ലേഖിക

കൊച്ചി : ഫോർട്ട്‌കൊച്ചി കടപുറത്ത് വഴിയോര മേഖലയിൽ ഇതര സംസ്ഥാനക്കാർക്ക് തട്ട് മറിച്ച് നൽകുന്ന സംഘം സജീവം. ആദ്യം ഈ സംഘത്തിൽപെട്ടവർ തന്നെ നടപാതയോരത്ത് തട്ടിടും. എന്നിട്ട് ആസാം, ബംഗാൾ, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരിൽ നിന്ന് പണം വാങ്ങി നൽകുന്ന രീതിയാണുള്ളതാണ്. ഇത്തരത്തിൽ തട്ടുകൾ പണം വാങ്ങി വിൽക്കുകയും കച്ചവടം ചെയ്യാൻ ഒത്താശ നൽകുകയും ചെയ്യുന്ന ഇവർക്ക് കച്ചവടക്കാരിൽ നിന്നും കമ്മീഷനുണ്ടെന്നും പറയുന്നു. വഴിയോര കച്ചവടത്തിന്റെ മറവിലാണ് ഇതര സംസ്ഥാനക്കാർക്ക് തട്ടുകൾ നൽകുന്നത്.ഇപ്പോൾ ഫോർട്ട്‌കൊച്ചിയിൽ ഇതര സംസ്ഥാനക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ച് വരുന്ന അവസ്ഥയാണ്. ഫോർട്ട്‌കൊച്ചിയിൽ നഗരസഭ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ട്. ഇതിനേക്കാൾ രണ്ടിരട്ടി കച്ചവടക്കാർ ഇവിടെയുണ്ടെന്നുള്ളതാണ് വസ്തുത. ഇതിൽ ഏറെ പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. വാസ്‌ക്കോഡ ഗാമ സ്‌ക്വയർ മുതൽ പുലിമുട്ട് വരെ കച്ചവടക്കാരിൽ ഏറിയ പങ്കും ഇതര സംസ്ഥാനക്കാരാണ്.

ഇതിൽ പലർക്കും യാതൊരു തിരിച്ചറിയൽ രേഖകളുമില്ലന്നാണ് സൂചന. ഇത് പരിശോധിക്കാൻ പൊലിസ് തയ്യാറാകുന്നുമില്ല.അംഗീകൃത വഴിയോര കച്ചവടക്കാരുടെ നഗരസഭയിലെ വിവരങ്ങൾ പരിശോധിച്ച് അവർക്കായി മാത്രം കച്ചവടം അനുവദിച്ചാൽ തീരാവുന്ന പ്രശ്‌നങ്ങൾ മാത്രമാണുള്ളത്. ഇത്തരത്തിൽ എത്തുന്ന ഇതര സംസ്ഥാനക്കാരിൽ പലരും സാധാരണ കച്ചവടം ചെയ്യുന്നതിന് പുറമേ നിരോധിത പുകയില ഉൽപന്നങ്ങൾ പോലെയുള്ളവയും വിൽക്കുന്നതായി പരാതിയുണ്ട്. പതിനായിരം മുതൽ ഇരുപത്തിയയ്യായിരം രൂപ വരെയാണ് ഓരോ തട്ടുകൾക്കും ഇവിടെ ഈടാക്കുന്നത്. ചില ട്രേഡ് യൂണിയനിൽപെട്ടവരും ഇത്തരത്തിൽ കച്ചവടത്തിൽ പങ്കുള്ളവരുണ്ട്. എന്നിട്ട് ഇവർക്ക് യൂണിയനിൽ അംഗത്വം നൽകുകയും ചെയ്യും. ഇത്തരക്കാർ സുരക്ഷക്കും ഭീഷണിയാണെന്നും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group