തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടു വർഷത്തിലധികം; നടപടിയെടുക്കാതെ അധികൃതർ;  കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ച് പ്രതിഷേധിച്ച് നാട്ടുകാർ

തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായിട്ട് രണ്ടു വർഷത്തിലധികം; നടപടിയെടുക്കാതെ അധികൃതർ; കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ച് പ്രതിഷേധിച്ച് നാട്ടുകാർ

Spread the love

മാള: രണ്ടുവർഷമായി പ്രവർത്തനരഹിതമായ വഴിവിളക്കുകൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി നാട്ടുകാർ. നിരവധി തവണ പരാതിപ്പട്ടെങ്കിലും നടപടിയെടുക്കാത്ത അധികൃതർക്കെതിരെയാണ് പ്രതിഷേധവുമായി പ്രദേശവാസികൾ രം​ഗത്തെത്തിയിരിക്കുന്നത്. കെഎസ്ഇബിയുടെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ പന്തം കത്തിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്.

തൃശ്ശൂർ മാള പഞ്ചായത്തിലെ ആറാം വാർഡിലാണ് സംഭവം. പഴൂക്കര കോട്ടുപ്പാടം കനാൽ ബണ്ട് റോഡിലാണ് തെരുവിളക്കുകൾ കത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇലക്ട്രിക് പോസ്റ്റുകളിൽ പന്തം കെട്ടിവച്ച് കത്തിച്ച് പ്രതിഷേധിച്ചത്. പ്രദേശത്തെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്ന മിന്നു മരിയയും, കുട്ടികളും രക്ഷിതാക്കളും ചേർന്നാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

സമീപവാസികളായ കുട്ടികളാണ് ഇവിടെ ട്യൂഷന് വരുന്നത്. സ്കൂളില്‍ വിട്ട് വരുന്ന കുട്ടികള്‍ ഏഴ് ഏഴരയോടെയാണ് ട്യൂഷന്‍ കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നത്. ഈ സമയം വഴികളില്‍ ഇരുട്ട് വീണ് കഴിയും. ഇഴ ജന്തുക്കള്‍ ഏറെയുള്ള പ്രദേശത്ത് തെരുവ് വിളക്കുകള്‍ ഇല്ലാത്തത് ഏറെ ദുരിതം സൃഷ്ടിക്കുന്നു. സാമൂഹ്യ പ്രവർത്തകനായ ജോയ് മാതിരപ്പിള്ളി പ്രതിഷേധത്തിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വർഷമായി ഈ പ്രദേശത്ത് തെരുവ് വിളക്കുകൾ കത്താറില്ല. ട്യൂഷന് വരുന്ന കുട്ടികൾക്ക് വളരെയധികം ബുദ്ധിമുട്ടിയാണ് ഇവിടെ എത്തുന്നത്. തെരുവ് നായ്ക്കളുടെയും ഇഴജന്തുക്കളുടെയും കുറുനരികളുടെയും ശല്യം കാരണം വിദ്യാർത്ഥികൾ വളരെ ഭയത്തോടെയാണ് ഇതുവഴി പോകുന്നത്.

വിദ്യാർത്ഥികളുടെ മാതാപിതാക്കളും ആശങ്കയിലാണ്. പഞ്ചായത്ത് അധികൃതരോടും മെമ്പർമാരോടും പലതവണ ആവശ്യപ്പെട്ടിട്ടും ഇതുവരെയും തെരുവ് വിളക്കുകൾ കത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുകയോ നിലവിൽ പ്രവർത്തിച്ചിരുന്ന വിളക്കുകൾ പ്രവർത്തനക്ഷമമാക്കുകയോ ചെയ്തിട്ടില്ല.

ഇവിടെ നിലവിൽ നാല് പോസ്റ്റുകളിൽ തെരുവു വിളക്കുകൾ ഉണ്ടെങ്കിലും അതൊന്നും തന്നെ പ്രവർത്തിക്കുന്നില്ല. ബാക്കിയുള്ള 6 പോസ്റ്റുകളിലേക്ക് തെരുവിളക്കിനുള്ള കണക്ഷൻ കൊടുത്തിട്ടുണ്ടെങ്കിലും ഇതുവരെയും ഒന്നും ആയിട്ടില്ല.