സുരേഷ് ഗോപി വിവാദം: മാതൃകാപരമായ നിലപാടുമായി കോൺഗ്രസ് എം.പി; സാറെന്നും വിളിക്കേണ്ട സല്യൂട്ടും വേണ്ട; സംസ്ഥാന പൊലീസ് മേധാവിയ്ക്കു കത്തു നൽകി

സുരേഷ് ഗോപി വിവാദം: മാതൃകാപരമായ നിലപാടുമായി കോൺഗ്രസ് എം.പി; സാറെന്നും വിളിക്കേണ്ട സല്യൂട്ടും വേണ്ട; സംസ്ഥാന പൊലീസ് മേധാവിയ്ക്കു കത്തു നൽകി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സുരേഷ് ഗോപിയുടെ സല്യൂട്ട് വിവാദത്തിനു പിന്നാലെ നിർണ്ണായക തീരുമാനവുമായി കോൺഗ്രസ്. സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങുകയും, പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിയ്ക്കു സല്യൂട്ട് നൽകുകയും ചെയ്തതോടെ ആളിപ്പടർന്ന വിവാദത്തിന് പിന്നാലെയാണ് തനിക്ക് സല്യൂട്ടേ വേണ്ടെന്ന നിലപാട് എടുത്ത് ടി.എൻ പ്രതാപൻ രംഗത്ത് എത്തിയിരിക്കുന്നത്.

ജനപ്രതിനിധികളെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് അഭിവാദ്യം നൽകുന്നതും സാർ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും ടി.എൻ. പ്രതാപൻ കത്ത് നൽകി. തനിക്ക് സല്യൂട്ട് വേണ്ടെന്നും സാർ എന്ന് വിളിക്കരുതെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ ”സാർ” എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണം. തന്നെ എം.പിയെന്നോ അല്ലെങ്കിൽ പേരോ വിളിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങൾ തിരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. കേരള പൊലീസ് മാനുവലിൽ സല്യൂട്ടിന് അർഹരായവരുടെ പട്ടികയിൽ എം. പിമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്. എന്നിരുന്നാലും എം.പിമാരെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരിക്കുന്നത് കാണുന്നുണ്ട്.

ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർദ്ധിച്ച് വരുന്നതിൽ അതിയായ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എ ആയിരുന്ന കാലത്തും എം.പി ആയിരിക്കുമ്‌ബോഴും ഞാൻ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്.

എന്നാൽ ഇപ്പോൾ ”സല്യൂട്ട്”, ”സാർ” വിളികൾ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.