ശ്രദ്ധിക്കുക…! രണ്ട് ജില്ലകളിൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോരാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ശ്രദ്ധിക്കുക…! രണ്ട് ജില്ലകളിൽ എസ്.എസ്.എൽ.സി ചോദ്യപേപ്പർ ചോരാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷ അടുത്തെത്തിയ സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ എസ്എസ്എൽസി പരീക്ഷ ചോദ്യ പേപ്പർ ചോരാൻ സാധ്യതയുണ്ടെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. വടക്കൻ ജില്ലകളിലാണ് ഇതിനുള്ള സാധ്യത. അതേസമയം സ്‌കൂളുകളിൽ ചോദ്യ പേപ്പറുകൾ സൂക്ഷിക്കുകയാണെങ്കിൽ ചോരാനുള്ള സാദ്ധ്യത കൂടുതലാണെന്നാണെന്നാണ് റിപ്പോർട്ട് .

എന്നാൽ രണ്ടാഴ്ച മുൻപ് നൽകിയ ഈ റിപ്പോർട്ട് പൊലീസ് സൃഷ്ടിച്ച പ്രതിസന്ധി മറച്ചു വയ്ക്കാനാണെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എസ്എസ്എൽസി പരീക്ഷ നടത്തിപ്പിനുള്ള സുരക്ഷയൊരുക്കാൻ തയ്യാറാകാതിരുന്ന പൊലീസ് സ്വന്തം ഭാഗം ന്യായീകരിക്കുന്നതിനാണ് ചോർച്ചാ ഭീഷണി റിപ്പോർട്ട് ചെയ്തതെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ സ്‌കൂളുകളിൽ പ്രത്യേക സ്‌ട്രോങ് റൂമുകൾ നിർമ്മിച്ച് ചോദ്യപേപ്പറുകൾ സൂക്ഷിക്കാനായിരുന്നു തീരുമാനം. ഇതിനായി എല്ലാ സ്‌കൂളുകളിലും സിസിടിവി കാമറകൾ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി സ്‌ട്രോങ് റൂമുകൾ നിർമ്മിക്കാൻ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ സ്‌കൂളുകൾക്ക് സുരക്ഷ നൽകാൻ പൊലീസ് തയ്യാറായില്ല.

സ്‌കൂളിൽ എസ്.എസ്.എൽ.സി ചോദ്യപേപ്പറിന് സുരക്ഷ ഒരുക്കണമെങ്കിൽ ഫീസിനത്തിൽ ആറ് കോടി രൂപ നൽകണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ചർച്ചകൾ നടത്തിയെങ്കിലും ഫീസ് കുറയ്ക്കാൻ പൊലീസ് തയ്യാറായില്ല. ഇതോടെ ആറ് കോടി രൂപ നൽകാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാടെടുക്കുകയായിരുന്നു. തുടർന്ന സ്‌കൂളുകളിലെ സ്‌ട്രോങ് റൂമുകളിൽ ചോദ്യ പേപ്പർ സൂക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളിൽ ചോദ്യ പേപ്പർ സൂക്ഷിച്ചിരുന്നപ്പോൾ ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷകൾ നടത്തിയിരുന്നത്. ഒരു പ്രദേശത്ത് ഒരു ബാങ്കിലായിരിക്കും വിവിധ സ്‌കൂളുകളിലെ ചോദ്യ പേപ്പറുകൾ സൂക്ഷിക്കുക. ഇവിടെയെത്തി പൊലീസ് സുരക്ഷയോടെ ചോദ്യ പേപ്പറുകൾ സ്വീകരിച്ച് പരിശോധിച്ച് ഉറപ്പു വരുത്തി സ്‌കൂളുകളിൽ എത്തിക്കാൻ മണിക്കൂറുകൾ വേണ്ടി വരും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയെങ്കിൽ ചോദ്യ പേപ്പറുകൾ ശേഖരിച്ച് പരിശോധിച്ച് അതത് സ്‌കൂളുകളിൽ എത്തിക്കാൻ ആവശ്യമായ സമയവും ലഭിക്കുമായിരുന്നു.

എന്നാൽ ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ രാവിലെയായി നിശ്ചയിച്ചതോടെ കൃത്യ സമയത്ത് ചോദ്യ പേപ്പറുകൾ എത്തിക്കാൻ കഴിയമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 9.45 ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 8.45ന് മുൻപ് സ്‌കൂളുകളിൽ ചോദ്യ പേപ്പറുകൾ എത്തിക്കണമെങ്കിൽ പുലർച്ചെ നാലു മണിയോടെ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടി വരും. ഇതിനെതിരെ അധ്യാപക സംഘടനകൾ സർക്കാരിനു പരാതി നൽകിയിട്ടുണ്ട്. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ട് നൽകിയതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു.