ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; ആക്രമണത്തിനുപയോഗിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി

ശ്രീനിവാസന്‍ വധക്കേസ്; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; ആക്രമണത്തിനുപയോഗിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: ആര്‍എസ്‌എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍കൂടി പിടിയിലായി.

പാലക്കാട് കല്‍പ്പാത്തി ശംഖുവാരമേട് സ്വദേശികളായ മുഹമ്മദ് ബിലാല്‍ (22), മുഹമ്മദ് റിസ്വാന്‍ (20), ശംഖുവാരത്തോട് സ്വദേശി റിയാസുദ്ദീന്‍ (35), പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, പാരപ്പത്ത് തൊടി സഹദ് (22) എന്നിവരെയാണ് ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായതെന്നാണ് വിവരം. ആക്രമണത്തിന് പ്രതികള്‍ ഉപയോഗിച്ച ഒരു സ്‌കൂട്ടറും ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കണ്ടെത്തിയെന്നാണ് സൂചനകള്‍. പിടിയിലായ രണ്ട് പ്രതികളുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും.

കൊലപാതകത്തില്‍ കൃത്യം നടത്തിയവര്‍ക്ക് സഹായങ്ങള്‍ ചെയ്തുകൊടുത്ത നാല് എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കൊലയാളികളെ ശ്രീനിവാസന്റെ നീക്കം മനസിലാക്കി വിളിച്ചുവരുത്തിയവരാണ് ഇവര്‍.

അതേസമയം കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാരെയും ഇതുവരെ പിടികൂടാനായിട്ടില്ല. 16 പ്രതികളാണ് കേസിലുള്ളത്.

കൊലയാളികളുടെ മൊബൈലും മറ്റും അവരുടെ വീടുകളില്‍ എത്തിച്ചുനല്‍കിയത് മുഹമ്മദ് റിസ്വാനാണ്. സഹദ് ഗൂഢാലോചനയില്‍ പങ്കെടുത്തു. ബിലാലും റിയാസുദ്ദീനും കൊലയാളിസംഘം എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുൻപ് മേലാമുറിയില്‍ അവരെ സഹായിക്കാനായി നിന്നവരാണ്.

ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കാന്‍ ഇരുവരും നഗരത്തിലൂടെ പലതവണ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അച്ഛന്റെ ചികിത്സയുടെ ഭാഗമായി അടുത്തിടെയായി 11 മണി കഴിഞ്ഞാണ് ശ്രീനിവാസന്‍ കടതുറക്കുന്നത്.

ശ്രീനിവാസന്‍ എത്തിയപ്പോള്‍ കൊലയാളി സംഘത്തെ ഇവര്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയതും ഇവരാണ്. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നും കൂടുതല്‍ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു.