സ്പ്‌ളെൻഡർ കണ്ടാൽ പൊക്കും..! പിന്നെ ഒറ്റക്കറക്കം: ജയിലിൽ നിന്നും പുറത്തിറങ്ങി മൂന്നാഴ്ച തികയും മുൻപ് മോഷണം: മോഷ്ടിച്ച സ്പ്‌ളെൻഡറുമായി സ്ഥിരം പുള്ളി ഉണ്ണിക്കുട്ടൻ പിടിയിൽ

സ്പ്‌ളെൻഡർ കണ്ടാൽ പൊക്കും..! പിന്നെ ഒറ്റക്കറക്കം: ജയിലിൽ നിന്നും പുറത്തിറങ്ങി മൂന്നാഴ്ച തികയും മുൻപ് മോഷണം: മോഷ്ടിച്ച സ്പ്‌ളെൻഡറുമായി സ്ഥിരം പുള്ളി ഉണ്ണിക്കുട്ടൻ പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന സ്പ്‌ളെൻഡർ ബൈക്ക് കണ്ടാൽ നിമിഷ നേരം കൊണ്ടു മോഷ്ടിക്കുന്ന സ്ഥിരം മോഷ്ടാവ് ഉണ്ണിക്കുട്ടൻ പൊലീസ് പിടിയിൽ. സ്പ്‌ളെൻഡർ ബൈക്ക് റോഡരികിൽ എവിടെ കണ്ടാലും നിമിഷ നേരം കൊണ്ടു മോഷ്ടിക്കുന്ന വിരുതനാണ് ഉണ്ണിക്കുട്ടൻ.

ഏറ്റവും ഒടുവിൽ ലോക്ക് ഡൗൺ സമയത്ത് ജനറൽ ആശുപത്രി വളപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച കടന്ന കേസിലാണ് ഉണ്ണിക്കുട്ടനെ വെസ്റ്റ് പൊലീസ് പിടികൂടിയത്. അയ്മനം കുടയംപടി പെരുമന കോളനി കാട്ടുപറമ്പിൽ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന കഞ്ഞിക്കുഴി മുട്ടമ്പലം പാറേക്കവല തോട്ടയ്ക്കാട് മറ്റം വീട്ടിൽ ഉണ്ണികൃഷ്ണനെ (ഉണ്ണിക്കുട്ടൻ -20)യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേയ് 31 നായിരുന്നു കേസിനാസ്പദമായ സംഭവം. ജനറൽ ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ആർപ്പൂക്കര കണ്ണനല്ലൂർ സ്വദേശി രമേശ് ഗോപിയുടെ ബൈക്കാണ് മോഷണം പോയത്. ബൈക്ക് മോഷണം പോയതായി ഇദ്ദേഹം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഉണ്ണിക്കുട്ടൻ ജാമ്യത്തിൽ ഇറങ്ങിയതായി പൊലീസിനു വിവരം ലഭിച്ചത്. തുടർന്നു, പൊലീസ് സംഘം ഉള്ളിക്കുട്ടനെപ്പറ്റി അന്വേഷണം നടത്തി.

ഇതിനിടെയാണ് ഉണ്ണിക്കുട്ടൻ സ്പ്‌ളെൻഡർ ബൈക്കിൽ കറങ്ങുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു, ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിൽ അയ്മനം കുടയംപടി ഭാഗങ്ങളിൽ ഉണ്ണിക്കുട്ടൻ ഒളിവിൽ കഴിയുന്നതായി കണ്ടെത്തി. തുടർന്നു, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ പി.എൻ മനോജ്, പ്രകാശൻ ചെട്ടിയാർ, കെ.ഒ രാജു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.കെ സജീവ്, സിവിൽ പൊലീസ് ഓഫിസർ കെ.ആർ ബൈജു എന്നിവർ ചേർന്നു പ്രതിയെ അയ്മനം ഭാഗത്തു നിന്നും പിടികൂടി.
മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പൊൻകുന്നം പൊലീസിനെ വെട്ടിച്ച് ചാടി രക്ഷപെട്ട കേസിൽ ഏഴു മാസത്തോളം റിമാൻഡിലായിരുന്ന പ്രതി, മൂന്നാഴ്ച മുൻപാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിരവധി ബൈക്ക് മോഷണക്കേസുകളിൽ ഉണ്ണിക്കുട്ടൻ പ്രതിയാണ്. കോട്ടയം വെസ്റ്റ്, മണർകാട്, പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ ഉണ്ണിക്കുട്ടനെതിരെ ബൈക്ക് മോഷണക്കേസുകൾ നിലവിലുണ്ട്. സ്പ്‌ളെൻഡർ ബൈക്കുകൾ എവിടെ കണ്ടാലും മോഷ്ടിക്കുന്നതാണ് ഉണ്ണിക്കുട്ടന്റെ രീതി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.