മകന്റെ പരിചരണം ലഭിച്ചില്ല: അമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി: മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

മകന്റെ പരിചരണം ലഭിച്ചില്ല: അമ്മ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കി: മകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മകന്റെ അമിത മദ്യപാനവും പരിചരണമില്ലാത്തതും മൂലമാണ് പട്ടിത്താനം വിക്ടർ ജോർജ് വാഴക്കാലായിൽ ചിന്നമ്മ ജോസഫ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ചിന്നമ്മയുടെ ശരീരത്തിൽ പരിക്കുകളോ, ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ, ഇവരുടെ മകൻ ബിനുരാജിനെ ഇപ്പോഴും പൊലീസ് നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇയാളുടെ മൊഴി ഒരു തവണ കൂടി പരിശോധനാ വിധേയമാക്കിയ ശേഷം മാത്രമേ കേസിൽ പൊലീസ് അന്തിമ നിഗമനത്തിൽ എത്തിച്ചേരുകയുള്ളൂവെന്നാണ് സൂചന.
മകന്റെ അമിത മദ്യപാനവും, പരിഗണനയില്ലാത്തതിലുമുള്ള മനോവിഷമം മൂലമാണ് വയോധിക ആത്ഹത്യ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയ ഇവർ രാത്രിയിൽ തിരികെ എത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. നേരത്തെ ഇവരുടെ മകൻ ബിനു ഇവരെ മർദിക്കുകയും, ഇതു സംബന്ധിച്ചു പൊലീസ് സ്റ്റേഷനിൽ കേസുമുണ്ടായിരുന്നു. എന്നാൽ, പൊലീസ് താക്കീത് ചെയ്തതിന് ശേഷവും ബിനു മർദനം തുടരുകയും, അമ്മയെ അവഗണിക്കുകയുമായിരുന്നുവെന്നു അയൽവാസികൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.
രണ്ടു ദിവസം പൂർണമായും ചോദ്യം ചെയ്യലിനു വിധേയനാക്കിയ ബിനുവിനെ പൊലീസ് നിരീക്ഷണത്തിൽ വിട്ടയച്ചിണ്ട്. ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ മൊഴി അടക്കം പരിശോധിച്ച ശേഷമാവും തുടർ നടപടികളിലേയ്ക് പൊലീസ് കടക്കുക.

എന്നാൽ, ആത്മഹത്യയെന്ന് പൊലീസ് ഉറപ്പിച്ച് പറയുമ്പോഴും സംഭവത്തിനു പിന്നിലെ ദുരൂഹത നീങ്ങുന്നില്ല. ശനിയാഴ്ച വൈകിട്ടോടെ വീട്ടിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം പിറ്റേന്ന് രാവിലെയാണ് പുരയിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.. മൃതദേഹത്തിൽ പരിക്കുകളോ മറ്റ് പാടുകളോ ഇല്ലാത്തതാണ് ആത്മഹത്യയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നിരിക്കുന്നത്. എന്നാൽ, രാത്രിയിൽ പുരയിടത്തിൽ തീ ആളിപ്പടരുന്നതും, പ്രാണരക്ഷാർത്ഥം ചിന്നമ്മ നിലവിളിക്കുന്നതും ഒന്നും ആരും കേട്ടില്ലെന്നതാണ് ദൂരൂഹത ഉണർത്തുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പുല്ലിൽ തീ പടർന്ന ലക്ഷണങ്ങളില്ലെന്ന് നാട്ടുകാരും പറയുന്നു. ഈ സാഹചര്യത്തിൽ അയൽവാസികളുടെയും, മകൻ ബിനുവിന്റെയും മൊഴി വീണ്ടും എടുക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group