ഇരുപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ 9 തവണ “മരിച്ചു”: ഇപ്പോൾ സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കുന്നു: അവരുടെ പാട്ടുകളെക്കുറിച്ച് .

ഇരുപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച ജാനകിയമ്മ 9 തവണ “മരിച്ചു”: ഇപ്പോൾ സ്വന്തം നാട്ടിൽ വിശ്രമജീവിതം നയിക്കുന്നു: അവരുടെ പാട്ടുകളെക്കുറിച്ച് .

 

കോട്ടയം: രണ്ടുമൂന്ന് വർഷം മുൻപ് സോഷ്യൽ മീഡിയയിൽ ഒരു വ്യാജവാർത്ത പ്രചരിച്ചത് പ്രിയ വായനക്കാരിൽ ചിലരെങ്കിലും
ഓർക്കുന്നുണ്ടായിരിക്കും .

പ്രശസ്ത തെന്നിന്ത്യൻ ഗായിക എസ് ജാനകി അന്തരിച്ചു എന്ന വ്യാജവാർത്തയാണ് എവിടെനിന്നോ പൊട്ടിമുളച്ച് നവമാധ്യമങ്ങളിലൊക്കെ കറങ്ങി തിരിഞ്ഞത് .
ഒമ്പതാമത്തെ തവണയാണത്രേ
എസ് ജാനകി മരിച്ചു എന്ന വ്യാജവാർത്ത ഒരു വഴിപാട് പോലെ ഓരോ വർഷവും പ്രചരിക്കുന്നതോർക്കണം.
ഇത്തരം വ്യാജവാർത്തകൾക്കെതിരെ ചലച്ചിത്ര രംഗത്തെ പലരും വളരെ വേദനാജനകമായി അന്നേ പ്രതികരിച്ചിരുന്നു.

എന്തായാലും ജാനകിയമ്മ മരിച്ചില്ലെന്നു മാത്രമല്ല ഒരു മനുഷ്യ ജീവിതത്തിന്റെ സാക്ഷാത്ക്കാരം എന്ന പോലെ ആയിരം പൂർണ്ണചന്ദ്രന്മാരെ കാണാനും അവർക്ക് ഭാഗ്യമുണ്ടായി .
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ
1938 ഏപ്രിൽ 23-ന് ജനിച്ച ജാനകിയമ്മ നന്നേ ചെറുപ്പത്തിലേതന്നെ സംഗീതത്തിൽ വളരെയധികം അഭിരുചി കാണിച്ചിരുന്നു .
ഈ സംഗീത പാടവം തിരിച്ചറിഞ്ഞ മാതാപിതാക്കൾ പത്തു വയസ്സു മുതലേ ജാനകിയെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി . മദ്രാസിലെ സംഗീത കോളേജിൽ പഠിച്ചുകൊണ്ടിരിക്കേ ആകാശവാണി നടത്തിയ ഒരു സംഗീത മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചതോടുകൂടി എസ് ജാനകി സംഗീത രംഗത്ത് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് “വിധിയിൻ വിളയാട്ട് ” എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ട് ചലച്ചിത്ര സംഗീത രംഗത്തേക്ക് കടന്നുവന്നുവെങ്കിലും
“എം എൽ എ ” എന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തോടെയാണ് ഇവർ പ്രശസ്തയാകുന്നത്.
തെലുഗു ഗായകൻ ഘണ്ടശാലയോടൊപ്പം പാടിയ ഈ ഗാനം ഹിറ്റായി എന്ന് മാത്രമല്ല പിന്നീട് ഒരിക്കലും
എസ് ജാനകിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ഇതിനകം വിവിധ ഭാഷകളിലായി ഇരുപതിനായിരത്തോളം ഗാനങ്ങൾ ആലപിച്ച
എസ് ജാനകി

മലയാളത്തിൽ മാത്രം
ആയിരത്തിമുന്നൂറോളം ഗാനങ്ങൾ പാടിയിട്ടുണ്ട് .
നാലു തവണ ദേശീയ പുരസ്ക്കാരവും 14 തവണ കേരള സംസ്ഥാന പുരസ്ക്കാരവും ലഭിച്ച എസ് ജാനകി
“മിന്നുന്നതെല്ലാം പൊന്നല്ല ” എന്ന ചിത്രത്തിലെ
“ഇരുൾ മൂടുകയോ എൻ വാഴ് വിൽ …” എന്ന ഗാനത്തോടെയാണ് മലയാളത്തിൽ തന്റെ ജൈത്രയാത്ര ആരംഭിച്ചത്.

പി ഭാസ്കരൻ – ബാബുരാജ് കൂട്ടുകെട്ടിലാണ് ജാനകിയുടെ ഏറ്റവും മനോഹരമായ ഗാനങ്ങൾ പിറന്നുവീണത്. മലയാള ചലച്ചിത്ര സംഗീത രംഗത്തെ സാർവ്വഭൗമനായ ദേവരാജൻമാസ്റ്റർ ജാനകിയമ്മയെ ഒരു തരത്തിലും പ്രോത്സാഹിപ്പിച്ചില്ലെന്നുള്ളതും ഖേദകരമായ ഒരു വസ്തുതയായി ഇന്നും നിലനിൽക്കുന്നു .
എങ്കിലും മികച്ച ഗായികയ്ക്കുള്ള മലയാളത്തിലെ ആദ്യത്തെ ദേശീയ പുരസ്ക്കാരം നേടാൻ ജാനകിയമ്മക്കാണ് ഭാഗ്യമുണ്ടായത് .. “ഏറ്റുമാനൂരമ്പലത്തിലെഴുന്നള്ളത്ത് ” എന്ന ഗാനം “ഓപ്പോൾ ” എന്ന ചിത്രത്തിന് വേണ്ടി പാടിക്കൊണ്ട് ദേശീയ പുരസ്ക്കാരം നേടി ചരിത്രം സൃഷ്ടിക്കുവാനും അവർക്ക് കഴിഞ്ഞു ….. ( രചന പി.ഭാസ്കരൻ – സംഗീതം എം.ബി.ശ്രീനിവാസ് )
മലയാളത്തിലെ ഏറ്റവും മികച്ച ഗാനങ്ങൾ പാടാൻ ഭാഗ്യമുണ്ടായത് എസ് ജാനകിയ്ക്ക് തന്നെയാണ് .

.”തളിരിട്ട കിനാക്കൾ തൻ താമരമാല വാങ്ങാൻ …”
( മൂടുപടം – പി ഭാസ്കരൻ – ബാബുരാജ് .)
” വാസന്തപഞ്ചമിനാളിൽ … ”
(ഭാർഗ്ഗവിനിലയം – പി ഭാസ്കരൻ – ബാബുരാജ്)
“സൂര്യകാന്തി സൂര്യകാന്തി …”
( കാട്ടുതുളസി – വയലാർ – ബാബുരാജ്)

“താമരക്കുമ്പിളല്ലോ മമഹൃദയം .. ” ( അന്വേഷിച്ചു കണ്ടെത്തിയില്ല
പി ഭാസ്കരൻ – ബാബുരാജ് )
“എൻ പ്രാണനായകനെ എന്തു വിളിക്കും …” (പരീക്ഷ –
പി ഭാസ്കരൻ – ബാബുരാജ്)
“താനെ തിരിഞ്ഞും മറിഞ്ഞും …”
( അമ്പലപ്രാവ് – പി ഭാസ്കരൻ – ബാബുരാജ്)
“അവിടുന്നെൻ ഗാനം കേൾക്കാൻ …. ” (പരീക്ഷ –
പി ഭാസ്കരൻ – ബാബുരാജ് .)

” ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി …” ( ചന്ദ്രകാന്തം – ശ്രീകുമാരൻ തമ്പി – എം എസ് വിശ്വനാഥൻ) “നീലജലാശയത്തിൽ … ”
(അംഗീകാരം – ബിച്ചു തിരുമല -എ ടി ഉമ്മർ )
“ഒരു കൊച്ചു സ്വപ്നത്തിൻ …”
( തറവാട്ടമ്മ -പി ഭാസ്കരൻ – ബാബുരാജ്) “മഞ്ഞണിപ്പൂനിലാവ് …. ”
(നഗരമേ നന്ദി – പി ഭാസ്കരൻ –
കെ രാഘവൻ)

“ഉണരൂ വേഗം നീ സുമറാണി …”
(മൂടൽമഞ്ഞ് -പി ഭാസ്കരൻ –
ഉഷാ ഖന്ന)
“പുലയനാർ മണിയമ്മ
പൂമുല്ല കാവിലമ്മ…”
(പ്രസാദം – പി ഭാസ്കരൻ – ദക്ഷിണാമൂർത്തി)
“സ്വർണ്ണമുകിലേ സ്വർണ്ണമുകിലേ… ”
(ഇത് ഞങ്ങളുടെ കഥ -പി ഭാസ്കരൻ – ജോൺസൺ )
“ഗോപുരമുകളിൽ
വാസന്തചന്ദ്രൻ …”

(വിത്തുകൾ – പി ഭാസ്കരൻ -പുകഴേന്തി )
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങളാണ് ജാനകിയമ്മ കൈരളിക്ക് സംഭാവന ചെയ്തത്. അര നൂറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന പൊതു രംഗത്തെ സംഗീതസപര്യ അവസാനിപ്പിച്ച് സ്വന്തം നാട്ടിലെ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ പങ്ക് കൊണ്ട് വിശ്രമജീവിതം നയിക്കുന്ന ജാനകിയമ്മക്ക് ആയിരം പൗർണ്ണമി ചന്ദ്രികകളുടെ മനോഹാരിത ദർശിക്കാനും ഭാഗ്യമുണ്ടായി.
1938 ഏപ്രിൽ 23-ന് ജനിച്ച ,
ഇന്ന് 86 വയസ്സ് തികയുന്ന എസ്.ജാനകി എന്ന ദക്ഷിണേന്ത്യയുടെ പ്രിയ ഗായികക്ക് പിറന്നാളാശംസകൾ …