സിന്ധു കൊലക്കേസ്: ബിനോയ് ഒളിവിലായിട്ട് 20 ദിവസം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും; പ്രതി കടന്നത് പാലക്കാട്, പൊള്ളാച്ചി മേഖലകളിലേക്ക്

സിന്ധു കൊലക്കേസ്: ബിനോയ് ഒളിവിലായിട്ട് 20 ദിവസം; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഇന്ന് പുറത്തിറക്കും; പ്രതി കടന്നത് പാലക്കാട്, പൊള്ളാച്ചി മേഖലകളിലേക്ക്

സ്വന്തം ലേഖകൻ

ഇടുക്കി: അടിമാലി സിന്ധു കൊലക്കേസിലെ പ്രതി ബിനോയിക്കെതിരെ പൊലീസ് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. ബിനോയ് ഒളിവിൽ പോയിട്ട് ഇരുപത് ദിവസം പിന്നിട്ട സാഹചര്യത്തിലാണിത്. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. വീട്ടമ്മയെ കൊലപ്പെടുത്താൻ പ്രതിയ്ക്ക് മാറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

ഇടുക്കി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. ബിനോയ് പാലക്കാട്, പൊള്ളാച്ചി മേഖലകളിൽ എത്തിയെന്നാണ് ഫോൺ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. പാലക്കാടുള്ള ഒരു സുഹൃത്തിനെ ഇയാൾ വിളിച്ചതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയൽവാസിയായ ബിനോയ് ആണ് വീട്ടമ്മയെ കൊലപ്പെടുത്തി സ്വന്തം വീടിന്റെ അടുക്കളയിൽ കുഴിച്ചിട്ടത്. ഓഗസ്റ്റ് 12 മുതലാണ് സിന്ധുവിനെ കാണാതായത്. 15ന് വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയുടെ വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

സിന്ധുവിന്റെ മകന് തോന്നിയ സംശയമാണ് മൃത​ദേഹം കണ്ടെത്താൻ കാരണമായത്. സിന്ധുവിനെ കാണാതായി രണ്ടുനാൾ കഴിഞ്ഞാണ് ഇളയകുട്ടിയെ സഹോദരിയുടെ വീട്ടിൽ നിന്ന് തിരിച്ചുകൊണ്ടുവന്നത്. അമ്മ എവിടെ എന്നു ചോദിച്ചപ്പോൾ, ഇവിടെ എവിടെയെങ്കിലും കാണുമെന്ന് ഒഴുക്കൻ മട്ടിൽ പറഞ്ഞു. എന്നാൽ, കുട്ടി വിടാതെ അമ്മയെ ചോദിച്ചപ്പോൾ, ബിനോയി ചൂടാവുകയാണ് ചെയ്തത്. ഇതും സംശയം കൂട്ടി.

അമ്മയെ കാണാതായി രണ്ടുദിവസം കഴിഞ്ഞ് മടങ്ങി എത്തിയ കുട്ടി അടുക്കളയുടെ തറയിൽ എന്തൊക്കെയോ മാറ്റം കണ്ടു. തറയിൽ ചാരം വിതറിയിട്ടുണ്ടായിരുന്നു. കുഴിച്ചുമറിച്ച തറ പഴയത് തന്നെയെന്ന് തോന്നിപ്പിക്കാനായിരുന്നു ബിനോയിയുടെ ശ്രമം. അടുക്കളയിൽ പണി വല്ലതും നടന്നോ എന്ന കുട്ടിയുടെ ചോദ്യം കേട്ടപ്പോൾ ബിനോയി കയർത്തു. ഇതോടെ സിന്ധുവിന്റെ മകന്റെ സംശയം ഇരട്ടിക്കുകയായിരുന്നു.

തനിക്ക് തോന്നിയ സംശയം കുട്ടി അമ്മാവനോടാണ് പറഞ്ഞത്. വീട്ടിൽ എന്തൊക്കെയോ കുഴപ്പങ്ങൾ നടന്നിട്ടുണ്ടെന്നും, അടുക്കളയിൽ എന്തോ സംഭവിച്ചെന്നും കുട്ടി പറഞ്ഞു. ഇതനുസരിച്ച് അവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നായയെ കൊണ്ടുവന്നെങ്കിലും പ്രയോജനം കിട്ടിയില്ല.

അധികം ആരും അടുക്കളയിൽ കയറിയിട്ടില്ലാത്തതിനാൽ, മാറ്റങ്ങൾ പറയാൻ അയൽക്കാർക്കും കഴിയുമായിരുന്നില്ല. എന്നാൽ, കുട്ടി അടുക്കളയിൽ പണി നടന്നെന്ന വാദത്തിൽ ഉറച്ചുനിന്നതോടെ, സിന്ധുവിന്റെ സഹോദരനും, ചങ്ങാതിമാരും പണിക്കൻകുടിയിലെ വീട്ടിലെത്തി അടുക്കളയുടെ തറ പൊളിക്കുകയായിരുന്നു.

ആദ്യം കണ്ടെത്തിയത് മൃതദേഹത്തിലെ തലമുടിയാണ്. ഒരുകൈ മുകളിലേക്ക് ഉയർന്ന നിലയിലായിരുന്നു. ബന്ധുക്കളും നാട്ടുകാരും മൃതദേഹം സിന്ധുവിന്റേതാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.