ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകത്തില്‍ പേരും ചേർത്തില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ആരോഗ്യ സബ് സെൻ്ററിൻ്റെ ശിലാഫലകം മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് അടിച്ചു തകര്‍ത്തു

ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല; ശിലാഫലകത്തില്‍ പേരും ചേർത്തില്ല; ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത ആരോഗ്യ സബ് സെൻ്ററിൻ്റെ ശിലാഫലകം മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് അടിച്ചു തകര്‍ത്തു

സ്വന്തം ലേഖിക

തിരുവനന്തപുരം: ദിവസങ്ങള്‍ക്ക് മുന്‍പ് ഉദ്ഘാടനം ചെയ്ത വെള്ളനാട് പഞ്ചായത്തിലെ കിടങ്ങുമ്മല്‍ ആരോഗ്യ സബ് സെൻ്ററിൻ്റെ ശിലാഫലകം ജില്ലാ പഞ്ചായത്തംഗം അടിച്ചു തകര്‍ത്തു.

മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വെള്ളനാട് ശശിയാണ് ചുറ്റിക ഉപയോഗിച്ച്‌ ശിലാഫലകം തകര്‍ത്തത്. ഉദ്ഘാടനത്തിന് തന്നെ ക്ഷണിക്കാത്തതിലും ശിലാഫലകത്തില്‍ പേരില്ലാത്തതിലും ക്ഷുഭിതനായാണ് വെള്ളനാട് ശശി ശിലാഫലകം തകര്‍ത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശശിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ ആര്യനാട് പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ 11നാണ് ഗ്രാമപഞ്ചായത്ത് ഗ്രാമ പ്രസിഡൻ്റ് കെ എസ് രാജലക്ഷ്മി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

വെള്ളനാട് ശശി പ്രസിഡന്റായിരുന്ന കാലത്താണ് ആരോഗ്യ സബ് സെൻ്ററിൻ്റെ നിര്‍മാണം തുടങ്ങിയത്. ഭരണസമിതിയുടെ കാലാവധി കഴിയാറായപ്പോള്‍ നിര്‍മാണം മുക്കാല്‍ ഭാഗം പൂര്‍ത്തിയാക്കി.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗിക ചടങ്ങ് നടത്താതെ അടൂര്‍ പ്രകാശ് എം പി സബ് സെന്റര്‍ ഉദ്ഘാടനം ചെയ്തതായുള്ള ശിലാഫലകം സമീപത്ത് സ്ഥാപിക്കുകയും ചെയ്തു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷം നിര്‍മാണം പൂര്‍ത്തിയാക്കി ഔദ്യോഗിക ഉദ്ഘാടനം നടത്തുകയായിരുന്നു.

എന്നാല്‍ ചടങ്ങിന് ജില്ലാ പഞ്ചായത്തംഗം കൂടിയായ പഴയ പ്രസിഡൻ്റിനെ ക്ഷണിക്കുകയോ ശിലാഫലകത്തില്‍ പേര് ഉള്‍പ്പെടുത്തുകയോ ചെയ്തില്ല. ലളിതമായ ചടങ്ങായതിനാലാണ് ക്ഷണിക്കാത്തതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.