ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ കേരള സർക്കാർ എന്തു ചെയ്തു ? രൂക്ഷ വിമർശനവുമായി ഷിബു ബേബി ജോൺ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണന മാത്രമല്ല സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടുകൂടിയാണ് കേരളത്തിന്റെ ബജറ്റ് വിഹിതം കുറഞ്ഞതിന് കാരണമാണെന്ന് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ പറഞ്ഞു.
കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ ബജറ്റിന്റെ ഭാഗമായി കേന്ദ്രവുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ കേരളത്തിന്റെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നടത്തിയതായി യാതൊരു അറിവുമില്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഷിബു ബേബി ജോൺ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫേസ്ബുക്കിന്റെ പൂർണരൂപം,
കേരളത്തെ പാടെ അവഗണിച്ച ബജറ്റാണ് അവതരിപ്പിക്കപ്പെട്ടതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള അവഗണന ഒരു പുതിയ കാര്യമല്ലല്ലോ. എന്നാൽ കേരളത്തിന് ഒന്നും കിട്ടിയില്ലേ എന്ന പരിദേവനങ്ങൾക്ക് അപ്പുറം ബജറ്റിൽ കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇടംലഭിക്കാൻ സംസ്ഥാന സർക്കാർ എന്തുചെയ്തു എന്ന ചോദ്യം ബാക്കിയാണ്.
മുൻകാലങ്ങളിലെ സർക്കാരുകൾ കേന്ദ്രത്തിന് മുന്നിൽ കേരളത്തിന്റെ ആവശ്യങ്ങൾ ഫലപ്രദമായി അവതരിപ്പിച്ചിരുന്നു. അന്നത്തെ മുഖ്യമന്ത്രിമാർ ബജറ്റിന് മുന്നോടിയായി ഡൽഹിയിലെത്തി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തുകയും ശക്തമായ സമ്മർദ്ദങ്ങളിലൂടെ കേന്ദ്രത്തിൽ നിന്നും ആവശ്യങ്ങൾ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അത്തരം മുന്നൊരുക്കങ്ങളൊന്നും ഇത്തവണ കണ്ടില്ല.
ബജറ്റിന്റെ ഭാഗമായി കേന്ദ്രവുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ കേരളത്തിന്റെ മുഖ്യമന്ത്രിയോ ധനമന്ത്രിയോ നടത്തിയതായി യാതൊരു അറിവുമില്ല. മാത്രമല്ല ‘കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ’ എന്ന പേരിൽ ഒരാളെ ക്യാബിനറ്റ് റാങ്കും ഭീമമായ ശമ്പളവും നൽകി ഡൽഹിയിൽ നിയമിച്ചിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രസർക്കാരിലെത്തിക്കാനും, അത് നേടിയെടുക്കാനും കഴിഞ്ഞിട്ടില്ല.കേന്ദ്രത്തിന്റെ അവഗണന മാത്രമല്ല സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വവും കേരളത്തിന്റെ ബജറ്റ് വിഹിതം കുറഞ്ഞതിന് കാരണമാണെന്ന് തന്നെ പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.