ശബരിമലയിൽ സ്ത്രീകളെ കയറ്റണം: രാഹുൽ ഗാന്ധി; വെട്ടിലായി കെ.പി.സി.സി നേതൃത്വം
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കെ.പി.സി.സി നിലപാട് തള്ളി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്ത്രീകൾക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സ്ത്രീയും പുരുഷനും തുല്യരാണ്. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിശ്വാസികൾക്കൊപ്പം നിൽക്കുക എന്നതാണ് കെ.പി.സി.സിയുടെ തീരുമാനം. എന്നാൽ വ്യക്തിപരമായി തനിക്ക് ആ നിലപാടില്ല. പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവരുടെ ആഗ്രഹത്തിന് വഴങ്ങണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാർട്ടിയുടെ നിലപാടെന്നും രാഹുൽ വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പിക്കൊപ്പം സമര രംഗത്താണ് കോൺഗ്രസ്. പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കൾ ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രതിഷേധത്തിലേക്ക് നിലപാട് മാറ്റുകയായിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത് രാഹുൽ ഗാന്ധി വിലക്കിയിരുന്നെങ്കിലും ശബരിമലയിൽ എത്തുന്ന യുവതികളെ തടയുമെന്ന കടുത്ത നിലപാടിലായിരുന്നു കെ. സുധാകരനടക്കമുള്ള കേരളത്തിലെ നേതാക്കൾ.
ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന പ്രതിഷേധ പരിപാടികളിൽ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്തതായി ഇതിനിടെ ആരോപണമുയർന്നിരുന്നു. അതേസമയം ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി സംസ്ഥാന കോൺഗ്രസ് സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group