നീ എസ്എഫ്‌ഐക്കാരനല്ലേ… എങ്കില്‍ ഇരിക്കട്ടെ രണ്ട് ഇടി..! കോതമംഗലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് പൊലീസ് മര്‍ദ്ദനം; അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍
സ്വന്തം ലേഖകന്‍
കൊച്ചി: കോതമംഗലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. റോഷിന്‍ എന്ന എസ്എഫ്‌ഐ പ്രവര്‍ത്തകനെയാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് എസ്‌ഐ മാഹിന്‍ സലീം മര്‍ദ്ദിച്ചത്. കോതമംഗലം തങ്കളം ബൈപ്പാസിലെ കടയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദ്ദനത്തിലേക്ക് നയിച്ചത്.
കൂട്ടം കൂടി നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികളില്‍ ഒരാളെ സ്ഥലത്തെത്തിയ പൊലീസ് പട്രോളിംഗ് സംഘം ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതേ കുറിച്ച് അന്വേഷിക്കാനായി വിദ്യാര്‍ത്ഥികള്‍ സംഘമായി പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് എസ്‌ഐ റോഷിനെ സ്റ്റേഷനകത്തേക്ക് വലിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചത്. എസ്എഫ്‌ഐക്കാരാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുമ്പോള്‍, നീ എസ്എഫ്‌ഐക്കാരനല്ലേ എന്ന് ചോദിച്ചാണ് എസ്‌ഐയുടെ മര്‍ദ്ദനം. അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം വിദ്യാര്‍ത്ഥികള്‍ കൂടി നിന്ന കടയ്ക്ക് സമീപം ലഹരി വില്‍പന നടക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ടെന്നും നിശ്ചിത സമയത്തിനപ്പുറം പ്രവര്‍ത്തിക്കരുതെന്ന് ഈ കടയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നതാണെന്നുമാണ് പൊലീസ് വിശദീകരണം. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ക്കെതിരെ പൊലീസ് കേസെടുത്തതായാണ് വിവരം. ഇവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതേസമയം പൊലീസിനെതിരായ വിഷയമായതിനാല്‍ പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കള്‍ എസ്എഫ്‌ഐക്കാരോട് നിര്‍ദേശിച്ചതായാണ് വിവരം.