ഇന്നടച്ച സ്‌കൂൾ ഇനി തുറക്കുക ചൊവ്വാഴ്ച: തുടർച്ചയായ ആറു ദിവസം അവധി ലഭിച്ചതിന്റെ ആഘോഷത്തിൽ കുരുന്നുകൾ; മഴപ്പേടിയിൽ മാതാപിതാക്കൾ

ഇന്നടച്ച സ്‌കൂൾ ഇനി തുറക്കുക ചൊവ്വാഴ്ച: തുടർച്ചയായ ആറു ദിവസം അവധി ലഭിച്ചതിന്റെ ആഘോഷത്തിൽ കുരുന്നുകൾ; മഴപ്പേടിയിൽ മാതാപിതാക്കൾ

സ്വന്തം ലേഖകൻ
കോട്ടയം: രണ്ടു ദിവസം  അപ്രതീക്ഷിതമായി മഴ അവധി കൂടി ലഭിച്ചതോടെ ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആഗസ്റ്റ് 13 ചൊവ്വാഴ്ച മാത്രം സ്‌കൂളിൽ പോയാൽ മതിയാവും. ജില്ലയിലെ വിദ്യാർത്ഥികൾക്ക് ഇതോടെ ചെറിയ വലിയ അവധി കിട്ടിയിരിക്കുകയാണ് ഇതോടെ. തുടർച്ചയായ ആറു ദിവസമാണ് കുട്ടികൾക്ക് സ്‌കൂൾ അടച്ചു വീട്ടിലിരിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കയറിക്കിടക്കുന്നതിനാൽ മാതാപിതാക്കൾക്ക് ഇനി ആറു ദിവസം ആശങ്കയുടേതുമാവും.
ജില്ലയിൽ വിദ്യാർത്ഥികൾക്ക് വ്യാഴാഴ്ചയാണ് മഴയുടെ ആദ്യ അവധി ലഭിച്ചത്. കനത്ത മഴ തുടരുന്നതിനാൽ വെള്ളിയാഴ്ചയും അവധി നൽകാൻ കളക്ടർ തീരുമാനിച്ചു. ശനിയും ഞായറും സ്വാഭാവിക അവധിയും ലഭിക്കും. തിങ്കളാഴ്ച ബക്രീദ് ആയതിനാൽ ഇതിന്റെ അവധിയും കണക്കിൽ കൂട്ടി. ഇതോടെ തുടർച്ചയായ ആറു ദിവസമാണ് അവധി ലഭിച്ചിരിക്കുന്നത്. ഇത് അക്ഷരാർത്ഥത്തിൽ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത ലോട്ടറിയായി മാറി. സ്‌കൂൾ അധ്യാപകർക്കും ജീവനക്കാർക്കും ഇരട്ടിമധുരമായി മാറി.
ഇതിനിടെ മാതാപിതാക്കൾക്ക് കുട്ടികളെപ്പറ്റിയുള്ള ആശങ്കകളും ഉയരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും ജില്ലയിൽ വെള്ളം പൊങ്ങിക്കിടക്കുകയാണ്. ചൂണ്ടയിടീലും നീന്തലും അടക്കമുള്ള മത്സരങ്ങൾക്കായി കുട്ടികൾ വെള്ളത്തിൽ ചാടുന്നത് പതിവാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ രക്ഷിക്കാൻ മാതാപിതാക്കൾ അമിത ശ്രദ്ധ ചെലുത്തേണ്ടി വരുന്നതാണ് ഈ ഇടക്കാല അവധിയുടെ പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിൽ മാതാപിതാക്കൾ അവധിക്കാലത്ത് കുട്ടികളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്ന് ജില്ലാ പൊലീസ് നിർദേശിക്കുന്നു.