നാല് ജില്ലകളിൽ റെഡ് അലേർട്ട്: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഡാമുകൾ തുറന്ന് വിട്ട് കേരളം

നാല് ജില്ലകളിൽ റെഡ് അലേർട്ട്: ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഡാമുകൾ തുറന്ന് വിട്ട് കേരളം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. നാലു ജില്ലകളിൽ അതിതീവ്ര മഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആഗസ്ത് ഒൻപത് വരെ ഇടുക്കി, മലപ്പുറം, കോഴിക്കോട്,വയനാട് ജില്ലകളിലാണ്
കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘റെഡ്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണം.
വ്യാഴാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് , കണ്ണൂർ ,കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 09 ന് എറണാകുളം,തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 10 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് ‘ഓറഞ്ച്’ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലി മീറ്റർ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റർ മുതൽ 204.5 മില്ലി മീറ്റർ വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇടുക്കി ജില്ലയിലെ ഡാമുകളിൽ പലതും തുറന്ന് വിട്ടിട്ടുണ്ട്.