ജില്ലയിൽ വൻ മഴക്കെടുത്തി: എട്ടു വീടുകൾ പൂർണമായും, 102 വീടുകൾ ഭാഗീകമായും തകർന്ന; രണ്ടു ക്യാമ്പുകൾ തുറന്നു; പലയിടത്തും മരം വീണ് നാശ നഷ്ടം

ജില്ലയിൽ വൻ മഴക്കെടുത്തി: എട്ടു വീടുകൾ പൂർണമായും, 102 വീടുകൾ ഭാഗീകമായും തകർന്ന; രണ്ടു ക്യാമ്പുകൾ തുറന്നു; പലയിടത്തും മരം വീണ് നാശ നഷ്ടം

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ വൻ മഴക്കെടുത്തി. ജില്ലയിൽ വിവിധ സ്ഥലങ്ങളിലായി എട്ടു വീടുകൾ പൂർണമായും തകരുകയും, 102 വീടുകൾ ഭാഗീകമായി തകരുകയും ചെയ്തു. ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പുകൾക്കും തുടക്കമായിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ മുണ്ടക്കയം വില്ലേജിൽ സി.എം.എസ് എൽപി സ്‌കൂളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. മീനച്ചിൽ താലൂക്കിൽ വെള്ളിലാപ്പള്ളി വില്ലേജിൽ ഏഴാച്ചേരി എൽ.പി സ്‌കൂളിലും ക്യാമ്പ് ഉണ്ട്. ഇവിടെ മൂന്നു കുടുംബങ്ങളാണ്  താമസിക്കുന്നത്. ആകെ ജില്ലയിൽ 18 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
കോട്ടയം താലൂക്കിൽ 58 വീടുകൾ ഭാഗീകമായും, ആറു വീടുകൾ പൂർണമായും തകർന്നു. വൈക്കത്ത് പത്തു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്. ചങ്ങനാശേരിയിൽ 13 ഉം മീനച്ചിലിൽ 15 ഉം വീടുകൾ ഭാഗീകമായി തകർന്നപ്പോൾ മീനച്ചിലിൽ രണ്ടു വീടുകളാണ് പൂർണമായും തകർന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിൽ ആറു വീടുകൾ ഭാഗീകമായി തകർന്നിട്ടുണ്ട്.
ജില്ലയിൽ പാലാ ഈരാറ്റുപേട്ട റോഡിൽ വെള്ളം കയറി കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഇവിടെ വൻ ഗതാഗതതടസവും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെയാണ് മുണ്ടക്കയത്ത് ക്രോസ് വേയിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടത്. ഇത് അടക്കം ജില്ലയിലെ വിവിധ മേഖലകളിൽ മലയോര മേഖലയിൽ ഉരുൾപ്പൊട്ടൽ സാധ്യതയുണ്ടായിട്ടുണ്ട് ഈ സാഹചര്യത്തിൽ ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.