സൗദിയിൽ വൻ പ്രളയം: നൂറുകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു; മരണം പന്ത്രണ്ട് കഴിഞ്ഞു

സൗദിയിൽ വൻ പ്രളയം: നൂറുകണക്കിന് ആളുകളെ മാറ്റി പാർപ്പിച്ചു; മരണം പന്ത്രണ്ട് കഴിഞ്ഞു

സ്വന്തം ലേഖകൻ

ജിദ്ദ: അപ്രതീക്ഷിതമായി എത്തിയ മഴയിലും വെള്ളപ്പൊക്കത്തിലും സൗദിയിൽ വൻ പ്രളയം. സൗദിയെ വിറപ്പിച്ചാണ് മഹാ പ്രളയം വീണ്ടും എത്തിയത്. കനത്ത മഴയിലും പ്രളയത്തിലും ഇതുവരെ 12 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളപ്പൊക്കമാണ്. ആഴ്ചകൾക്ക് മുമ്പ് ഉണ്ടായ കനത്ത മഴയിൽ നിന്നും കരകയറി വരുന്നതിനിടെയാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ജിദ്ദ, മദീന, സകാക്ക എന്നിവിടങ്ങളിൽ വലിയ വെള്ളക്കെട്ടുകളാണ്.
ഇവിടെ നിന്നും 250ൽ അധികം ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. നിരവധി വാഹനങ്ങൾ മുങ്ങി. പലയിടത്തും വൈദ്യുതി നിലച്ചു, റോഡുകൾ തകർന്നു. ഭാഗികമായി അടച്ച റോഡുകൾ പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ ശരിയാക്കി വരികയാണ്. പ്രളയബാധിത പ്രദേശങ്ങൾ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ദുരിതബാധിതർക്ക് ആവശ്യമായ സഹായം എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.