മഹാത്മാഗാന്ധിയെ കൊന്നിട്ടും കലി തീരാതെ ഹിന്ദു മഹാസഭ; ഗാന്ധിയുടെ പ്രതിമയിൽ വെടിവച്ചും മധുരം വിതരണം ചെയ്തും രക്തസാക്ഷിത്വ ദിനത്തിൽ ആഘോഷം

മഹാത്മാഗാന്ധിയെ കൊന്നിട്ടും കലി തീരാതെ ഹിന്ദു മഹാസഭ; ഗാന്ധിയുടെ പ്രതിമയിൽ വെടിവച്ചും മധുരം വിതരണം ചെയ്തും രക്തസാക്ഷിത്വ ദിനത്തിൽ ആഘോഷം

സ്വന്തം ലേഖകൻ

ദില്ലി: രാഷ്ട്ര പിതാവിന്റെ നെഞ്ചിലേയ്ക്ക് നിറയൊഴിച്ചിട്ടും പക തീരാതെ ഹിന്ദു മഹാ സഭ. രക്തസാക്ഷി ദിനത്തില്‍ ഗാന്ധിജിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ഹിന്ദുമഹാസഭാ നേതാവും സംഘവുമാണ് രാഷ്ട്രപതിയെ അപമാനിച്ചത്. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു. 
അതേസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ  പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.
ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍  കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.  ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.