play-sharp-fill
പെൺകുട്ടികളെ സുന്ദരിമാരെ; നിങ്ങളെ കാത്ത് ഫെയ്‌സ്ബുക്കിന്റെ വൻ ചതി..! ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോൺ ചെയ്യപ്പെടാം; ഇങ്ങനെ മെസേജ് വന്നാൽ ഒന്ന് ശ്രദ്ധിക്കുക

പെൺകുട്ടികളെ സുന്ദരിമാരെ; നിങ്ങളെ കാത്ത് ഫെയ്‌സ്ബുക്കിന്റെ വൻ ചതി..! ഒറ്റ ക്ലിക്കിൽ നിങ്ങളുടെ അക്കൗണ്ട് ക്ലോൺ ചെയ്യപ്പെടാം; ഇങ്ങനെ മെസേജ് വന്നാൽ ഒന്ന് ശ്രദ്ധിക്കുക

തേർഡ് ഐ ബ്യൂറോ

കോട്ടയം: കഞ്ഞിക്കുഴി സ്വദേശിയും, സുന്ദരിയായ കോളേജ് വിദ്യാർത്ഥിയുമായ പെൺകുട്ടിയ്ക്ക് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വഴി ഒരു സന്ദേശമെത്തി. പെൺകുട്ടിയുടെ അടുത്ത സുഹൃത്തായ മറ്റൊരു പെൺകുട്ടിയായിരുന്നു മെസഞ്ചർ വഴി സന്ദേശം അയച്ചത്. കൂട്ടുകാരിയുടെ മെസേജ് ഇങ്ങനെ – ഡി, എന്റെ ഈ ലിങ്കിൽ ഒന്ന് ലൈക്ക് ചൈയ്യുമോ..? ചേതമില്ലാത്ത ഉപകാരമല്ലേ.. പെൺകുട്ടി പിന്നെ ഒന്നും നോക്കിയില്ല. ലൈക്ക് നൽകുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം ഇതേ പെൺകുട്ടിയുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തനിക്ക് കിട്ടിയ പണിയുടെ ആഴം പെൺകുട്ടി മനസിലാക്കിയത്. ആ ഒറ്റ ലൈക്കിലൂടെ പെൺകുട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ടിന്റെ ക്ലോൺ രൂപം ഉപയോഗിച്ച് തട്ടിപ്പുകാരൻ ഇതേ പെൺകുട്ടിയുടെ സുഹൃത്തുക്കളുമായി സംസാരിക്കുകയായിരുന്നു. ഇത് മനസിലാക്കിയതോടെ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി സൈബർ സെല്ലിനോട് അന്വേഷണം നടത്താൻ നിർദേശിച്ചിരിക്കുകയാണ്.
ജില്ലയിൽ നൂറിലധികം പെൺകുട്ടികളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകൾ ഇത്തരത്തിൽ ക്ലോൺ ചെയ്ത് ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിരുപദ്രവമെന്ന് തോന്നുന്ന രീതിയിൽ ഫെയ്‌സ്ബുക്കിലെ മെസഞ്ചറിലൂടെയാണ് സന്ദേശം എത്തുന്നത്. സന്ദേശമായെത്തുന്ന ലിങ്കിൽ ലൈക്ക് ചെയ്താൽ ഉടൻ തന്നെ നിങ്ങളുടെ ഫെയ്‌സ്ബുക്കിന്റെ പാസ് വേഡും മറ്റു വിവരങ്ങളും ഹാക്കർമാരുടെ കയ്യിലെത്തും. ഇത്തരത്തിൽ ലഭിക്കുന്ന പാസ് വേർഡ് ഉപയോഗിച്ച് ഈ ഫെയ്‌സ്ബുക്കിന്റെ നിയന്ത്രണം ഹാക്കർമാർ സ്വന്തമാക്കും.
പിന്നീട്, ഈ ഫെയ്‌സ്ബുക്കിൽ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളായ പെൺകുട്ടികൾക്ക് അടക്കം സന്ദേശം അയക്കുകയാണ് ഇവർ ചെയ്യുന്നത്. ഇത്തരത്തിൽ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് ഇവരുടെ സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ ഹാക്ക് ചെയ്യും. പെൺകുട്ടികളുടെ ചിത്രങ്ങളും, വിവരങ്ങളും ദുരുപയോഗം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഹാക്കർമാർ ഇവ ചോർത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
തങ്ങളുടെ അക്കൗണ്ട് ക്ലോണിംഗിനു വിധേയമായെന്ന സൂചന ലഭിച്ചാൽ ഉടൻ തന്നൈ പൊലീസിലും, സൈബർ സെല്ലിലും പരാതി നൽകുകയാണ് ആദ്യം ചെയ്യേണ്ടത്. തുടർന്ന് സൈബർ വിദഗ്ധരുടെ നിർദേശാനുസരണം വേണം പ്രവർത്തിക്കാൻ. ഫെയ്‌സ്ബുക്ക് അക്കൗണ്ടിന്റെ പാസ് വേർഡ് മാറ്റുകയും, മറ്റേതെങ്കിലും സിസ്റ്റത്തിൽ നിന്നും ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ പുറത്തിറങ്ങാനുള്ള ഓപ്ഷൻ നൽകുകയും ചെയ്യണം. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ഹാക്കിംഗ് തടയാൻ സാധിക്കും.
മെസഞ്ചറിൽ ആരെങ്കിലും ലിങ്ക് ലൈക്ക് ചെയ്യാൻ അയച്ചു നൽകുന്നുണ്ടെങ്കിൽ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രം ലിങ്കിൽ ക്ലിക്ക് ചൈയ്യുക. സുഹൃത്തുക്കളാണെങ്കിൽ, ഇവരെ ഫോണിൽ ബന്ധപ്പെടുകയോ, മറ്റോ ചെയ്ത് തട്ടിപ്പല്ലെന്ന് ഉറപ്പ് വരുത്തുക.