സാരി ധരിക്കുന്നതിലൂടെ ക്യാൻസർ വരാൻ സാധ്യതയുണ്ടോ… ‘സാരി കാൻസറി’നു പിന്നിലെന്ത്? ഈ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ…

സാരി ധരിക്കുന്നതിലൂടെ ക്യാൻസർ വരാൻ സാധ്യതയുണ്ടോ… ‘സാരി കാൻസറി’നു പിന്നിലെന്ത്? ഈ കാൻസറിന്റെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെ…

സ്വന്തം ലേഖകൻ

സാരി കാൻസർ എന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുണ്ടോ. സാരിയുമായി കാൻസറിനെന്ത് ബന്ധം എന്നു ചിന്തിക്കുന്നവരാകും ഭൂരിഭാ​ഗവും. പേരുപോലെ സാരി ഉടുക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കാൻസറല്ലിത്. മറിച്ച് ഇറുകിയ വസ്ത്രം മൂലമുണ്ടാകുന്ന പ്രശ്നത്തേയാണ് സാരി കാൻസർ എന്ന പദംകൊണ്ട് സൂചിപ്പിക്കുന്നത്.

ശരീരത്തിൽ ഇറുകിപ്പിടിച്ച വസ്ത്രങ്ങൾ ധരിക്കുമ്പോൾ, പ്രത്യേകിച്ച് അരക്കെട്ടിന്റെ ഭാ​ഗം ഉൾപ്പെടെയുള്ള ശരീരഭാ​ഗങ്ങളിൽ വീക്കമുണ്ടാകുന്ന അവസ്ഥയാണിത്. 1945-ൽ ദോത്തി കാൻസർ എന്ന പദവും സമാനമായി വന്നതാണ്. നിരന്തരം സാരിയോ, മുണ്ടോ, ജീൻസോ തുടങ്ങി ശരീരത്തിൽ ഇറുകിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതുവഴിയുണ്ടാകുന്ന ആരോ​ഗ്യപ്രശ്നത്തേയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2011-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ജേർണലിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഇറുകിപ്പിടിച്ച രീതിയിൽ സാരി ധരിക്കുക വഴി വെയ്സ്റ്റ് ഡെർമറ്റോസിസ് അഥവാ ചർമത്തിൽ മുറിവുകളുണ്ടാകുന്നതായി പറയുന്നുണ്ട്. സാരിയുൾപ്പെടെയുള്ള ഇത്തരം വസ്ത്രങ്ങൾ ദീർഘനേരം ധരിക്കുകവഴി വെയ്സ്റ്റ് ഡെർമറ്റോസിസ് ആവുകയും പിന്നീടത് ​ഗുരുതരമാവുകയും ചെയ്യും. തുടർന്ന് അരക്കെട്ടിനെ ബാധിക്കുന്ന അർബുദമാകുന്നതിനേയാണ് സാരീ കാൻസർ എന്നുപറയുന്നത്.

സ്ക്വാമസ് സെൽ കാർസിനോമ എന്നാണ് ഈ അർബുദത്തെ വിശേഷിപ്പിക്കുന്നത്. ​ഇറുകിപ്പിടിച്ച സാരികൾ, പെറ്റിക്കോട്ടുകൾ, മുണ്ടുകൾ, ജീൻസുകൾ തുടങ്ങിയവ ധരിക്കുക വഴി തുടർച്ചയായി മുറിവുകളും അസ്വസ്ഥതകളും ഉണ്ടാവുകയും അത് പിന്നീട് അർബുദത്തിലേക്ക് വഴിവെക്കുകയുമാണ് ചെയ്യുന്നത്. അതേസമയം ഇത് വളരെ അപൂർവമായുണ്ടാകുന്ന ചർമാർബുദവുമാണ്.

അരക്കെട്ടിൽ ചുവന്ന നിറത്തിലുള്ള ചൊറിച്ചിലുള്ള പാടുകൾ, ഇവ മുറിവുകളായി മാറുക, അരക്കെട്ടിന് അടുത്തായുണ്ടാകുന്ന വീക്കങ്ങൾ തുടങ്ങിയവയാണ് ഈ കാൻസറിന്റെ പ്രധാനലക്ഷണങ്ങൾ. പേര് സാരി കാൻസർ എന്നാണെങ്കിലും സാരിയല്ല ഇവിടുത്തെ വില്ലനെന്നാണ് വിദ​ഗ്ധർ പറയുന്നത്. അരക്കെട്ടിൽ ഇറുക്കിക്കെട്ടുന്ന അടിപ്പാവാടയാണ് പ്രധാന പ്രശ്നമാകുക. ഇത് ചർമത്തിൽ ഉരഞ്ഞ് മുറിവുകളുണ്ടാക്കുകയാണ് ചെയ്യുന്നത്. അതിനാൽ ഇവ ധരിക്കുമ്പോൾ ചർമത്തെ ബാധിക്കുംവിധം ഇറുകിക്കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

1945-ൽ ‍ഫിസിഷ്യന്മാരായ ഖനോൽക്കറും സൂര്യബായിയുമാണ് ചർമത്തിലുണ്ടാകുന്ന മുറിവുകൾ പിന്നീട് അർബുദമായി മാറുന്ന പുതിയ ഇനം കാൻസറിനേക്കുറിച്ച് വിവരിച്ചത്. അവർ ദോത്തി കാൻസർ എന്നാണ് അതിന് പേരു നൽകിയത്. സാരിയേപ്പോലെ തന്നെ അരക്കെട്ടിൽ ഇറുക്കി ചുറ്റിയുടുക്കുന്ന വസ്ത്രമാണ് മുണ്ടും. ഇതുകൊണ്ടാണ് ദോത്തി കാൻസർ എന്ന പേരുവന്നത്. സാരി കാൻസർ എന്ന പദം ആദ്യമായി ഉപയോ​ഗിച്ചത് ബോംബെ ഹോസ്പിറ്റലിലെ ഡോ. എ.എസ് പട്ടീൽ അടങ്ങുന്ന ഒരുകൂട്ടം ഡോക്ടർമാരുടെ സംഘമാണ്.