സനു ഭാര്യയുടെ സ്വർണ്ണം കവർന്നത് മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നും ആളെ വിളിച്ചുവരുത്തി പൂട്ട് മുറിച്ച്; തട്ടിപ്പുകാരനാണെന്ന് അറിഞ്ഞതോടെ ബന്ധുക്കൾ അകറ്റി നിർത്തി ; സിംഗപ്പൂരിലാണെന്ന് പറഞ്ഞ സുഹൃത്തുള്ളത് ചെന്നൈയിലും : സർവത്ര ദുരുഹത നിറഞ്ഞ സനുവിനെക്കുറിച്ച് ഒരു തുമ്പും കിട്ടാതെ ഇരുട്ടിൽ തപ്പി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ പതിമൂന്നുകാരിയായ വെഗയുടെ പിതാവ് കങ്ങരപ്പടി സനു മോഹന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്. മാസങ്ങൾക്ക് മുൻപു സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം ഇയാൾ കവർന്നിരുന്നു. എന്നാൽ മോഷണ വിവരം വീട്ടുകാർ പരാതി നൽകാതിരുന്നതിനാൽ കേസാകാതെ വരികെയായിരുന്നു.
സ്വന്തം വീട്ടിൽ മോഷണം നടത്താൻ മേശ നന്നാക്കാനെന്ന വ്യാജേനെ വർക് ഷോപ്പിൽ നിന്നു ആളെ വരുത്തിയാണ് മേശയുടെ പൂട്ടു മുറിച്ചു മാറ്റിയത് എന്നാണ് സൂചന. പുനെയിലും ചെന്നൈയിലും കേരളത്തിലുമായി അടുപ്പക്കാരും അല്ലാത്തവരും സനു പറ്റിച്ചിട്ടുണ്ട്. ഏതുസമയവും മാർവാഡി സംഘം തന്നെ പിടിച്ചു കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് സനു മോഹൻ തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സനു തന്റെ സഹോദരൻ വഴിയാണ് പുനെയിൽ എത്തിയത്. അവിടെ തട്ടിപ്പുകൾ നടത്തിയതോടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കളുമായി അകന്നു. കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ താമസം തുടങ്ങിയതിനു ശേഷം ആലപ്പുഴയിലെ സ്വന്തം വീട്ടിലേക്കു സനു പോകാറില്ലായിരുന്നു.
കുടുംബാംഗങ്ങൾ മരിച്ചപ്പോൾ പോലും സനു പോയിരുന്നില്ല. താമസിക്കുന്ന ഫ്‌ളാറ്റിലെ അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്നു. ഇന്റീരിയർ ഡിസൈനിങ് സാമഗ്രികൾ വാങ്ങിയ ഇനത്തിൽ പല സ്ഥാപനങ്ങൾക്കും പണം നൽകാനുണ്ട്.
ചെന്നൈയിലെ സനുവിന്റെ സുഹൃത്തിനേയും പൊലീസിന് കണ്ടെത്താനായിട്ടില്ല. കേരളം വിട്ട സനു അവിടെ എത്തിയിട്ടുണ്ടാകുമെന്ന സംശയവും പൊലീസിനുണ്ടായിരുന്നു. അവധി പ്രമാണിച്ചു സുഹൃത്തും കുടുംബവും കേരളത്തിലേക്കു മടങ്ങി എന്നാണ് മനസ്സിലാക്കുന്നത്. സിംഗപ്പൂരിലാണെന്നാണ് ചെന്നൈയിലുള്ള ഇദ്ദേഹം നാട്ടിൽ പറഞ്ഞിരിക്കുന്നതത്രേ.
കുഞ്ഞുങ്ങളെ എടുത്തു കൊണ്ടു പോകുന്നതു പോലെ പുതപ്പിച്ചാണ് വൈഗയെ അന്നു രാത്രി സനു കാറിലേക്കു കയറ്റിയതെന്ന് സുരക്ഷാ ജീവനക്കാരുടെ മൊഴിയുണ്ട്. വൈഗയുടെ ആന്തരികാവയവ പരിശോധനാ ഫലം കൂടി കിട്ടിയാലേ മരണത്തിൽ വ്യക്തത ലഭിക്കൂ.
സനു മോഹന്റെ അന്തസ്സംസ്ഥാന ബന്ധങ്ങൾ പരിഗണിച്ച് അന്വേഷണം മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. സനു മോഹന്റെ കുടുംബ പശ്ചാത്തലം, സാമ്പത്തിക ഇടപാടുകൾ, ഇതര സംസ്ഥാന ബന്ധം എന്നീ മൂന്ന് കാര്യങ്ങളാണ് പൊലീസ് നിലവിൽ അന്വേഷിക്കുന്നതെന്ന് കൊച്ചി സിറ്റി ഡി.സി.പി. ഐശ്വര്യ ഡോങ്‌റെ വ്യക്തമാക്കി. ചൊവ്വാഴ്ച ഗോശ്രീ പാലത്തിന് സമീപത്ത് നിന്നും ജീർണിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം സനു മോഹന്റേതാണെന്ന് സംശയമുയർന്നിരുന്നു. എന്നാൽ, തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം സനു മോഹന്റെ അല്ലായെന്ന് തെളിഞ്ഞതായി ഡി.സി.പി. വ്യക്തമാക്കി.