സഭാ ടിവിക്ക് പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ്; നിയമസഭാ സെക്രട്ടറി ചീഫ് എഡിറ്ററായുള്ള ഒന്‍പത് അംഗ ബോര്‍ഡിനെ തീരുമാനിച്ചു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ തീരുമാനിച്ചു. ഒന്‍പത് അംഗ ബോര്‍ഡില്‍ നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റര്‍.
കെ കുഞ്ഞുകൃഷ്ണന്‍, ടിടി പ്രഭാകരന്‍, തനൂജ ഭട്ടതിരി, ബിന്ദു ഗണേഷ് കുമാര്‍, കെ മോഹന്‍കുമാര്‍, ഇ സനീഷ്, ഇകെ മുഷ്താക്, വിഎസ് സുരേഷ് കുമാര്‍ എന്നിവരാണ് അംഗങ്ങള്‍. പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ആയിരിക്കും ഇനി സഭാ ടി വി പരിപാടികളുടെ ചിത്രീകരണത്തിന് മേല്‍നോട്ടം വഹിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം 14 നാണ് ഉത്തരവ് ഇറങ്ങിയത്. സഭയിലെ പ്രതിപക്ഷ പ്രതിഷേധം തത്സമയം സംപ്രേഷണം ചെയ്യാതെ പൂര്‍ണമായും അവഗണിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. സഭാ ടിവി പ്രതിപക്ഷത്തിന്റെ ദൃശ്യങ്ങള്‍ പലപ്പോഴും മറച്ചു വയ്ക്കുന്നു. ഏകപക്ഷീയമായി ഭരണകക്ഷിക്ക് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നത്. പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ മുഖമാണ് സഭാ ടിവി കാണിക്കുന്നത്.
പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ നിരന്തരമായി ഹനിക്കപ്പെടുന്നുവെന്നും സതീശന്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് സഭാ ടിവി കമ്മിറ്റിയില്‍ നിന്ന് ആബിദ് ഹുസൈന്‍, എം വിന്‍സന്റ്, മോന്‍സ് ജോസഫ്, റോജി എം ജോണ്‍ എന്നിവര്‍ രാജിവെക്കുമെന്ന് അറിയിച്ചിരുന്നു.