ശബരിമല പ്രമേയം: പ്രേമചന്ദ്രനെ എതിർത്ത് സഭയിൽ ബിജെപി; ശബരിമല സുപ്രീം കോടതിയിലെ വിഷയമെന്ന് ആർഎസ്എസും; സ്ത്രീ പ്രവേശനത്തിന്റെ പേരിൽ തല്ലുകൊണ്ടതും നാമജപം നടത്തിയതും വെറുതെ; ആർഎസ്എസും ബിജെപിയും ശബരിമലയെ കൈയ്യൊഴിയുന്നു

ശബരിമല പ്രമേയം: പ്രേമചന്ദ്രനെ എതിർത്ത് സഭയിൽ ബിജെപി; ശബരിമല സുപ്രീം കോടതിയിലെ വിഷയമെന്ന് ആർഎസ്എസും; സ്ത്രീ പ്രവേശനത്തിന്റെ പേരിൽ തല്ലുകൊണ്ടതും നാമജപം നടത്തിയതും വെറുതെ; ആർഎസ്എസും ബിജെപിയും ശബരിമലയെ കൈയ്യൊഴിയുന്നു

Spread the love
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നടത്തിയ സമരങ്ങൾകൊണ്ട് കേരളത്തിലെ വോട്ടിംങ് നിലയിൽ മാറ്റമുണ്ടാക്കാനാവാതെ വന്നതോടെ ആർഎസ്എസും ബിജെപിയും ശബരിമലയെ കൈയ്യൊഴിയുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതിയിൽ കൊല്ലം എം.പി എൻകെ പ്രേമചന്ദ്രൻ അവതരിപ്പിച്ച പ്രമേയത്തിന് ബിജെപിയുടെ എതിർപ്പിനെ തുടർന്ന് അകാല ചരമമമുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായി. രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാവാതെ വന്നതോടെ ബിജെപിയും ആർഎസ്എസും ഭക്തരെ കൈവിടുന്നതായാണ് സൂചന ലഭിക്കുന്നത്.
ലോക്‌സഭയിൽ ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിന് ഏക കണ്ഠമായാണ് അവതരണാനുമതി നല്കിയത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ ബിൽ ചർച്ചയ്ക്ക് എടുക്കുമ്പോൾ ഇതേ പിൻതുണയുണ്ടാകില്ലെന്നാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും നേതൃത്വങ്ങൾ നൽകുന്ന പ്രാഥമിക സൂചനകൾ. ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിർത്തില്ല. ഇത് കൂടാതെ പ്രേമചന്ദ്രൻ തന്നെ കൊണ്ടുവന്ന തൊഴിലുറപ്പ്, ഇഎസ്‌ഐ, സർഫാസി നിയമ ഭേദഗതി ബില്ലുകളും സഭയിൽ അവതരിപ്പിച്ചു.
‘ശബരിമല ശ്രീധർമശാസ്ത്രക്ഷേത്ര ബിൽ’ എന്ന പേരിലാണ് എൻകെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. 17-ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.
വെള്ളിയാഴ്ച ബില്ല് അവതരിപ്പിച്ചെങ്കിലും ഇത് ചർച്ചയ്ക്ക് എടുക്കൽ എളുപ്പമല്ല. 25-ാം തീയതിയാണ് ഏതൊക്കെ ബില്ലുകൾ ചർച്ചയ്ക്ക് എടുക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ നറുക്കെടുപ്പ് നടക്കുക. അന്ന് നറുക്കെടുപ്പിൽ വിജയിച്ചാൽ ബില്ല് ചർച്ചയ്ക്ക് വരും.
അതേസമയം, ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലിൽ ബിജെപിയുടെ ആത്മാർത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എൻകെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.
‘സ്വകാര്യ ബിൽ അവതരിപ്പിക്കുന്നത് പാർലമെൻറംഗത്തിൻറെ അവകാശമാണ്. പാർലമെന്റംഗം അവതരിപ്പിക്കുന്ന ബിൽ ആയാലും സർക്കാർ അവതരിപ്പിക്കുന്ന ബിൽ ആയാലും, അവതരിപ്പിക്കപ്പെട്ട് കഴിഞ്ഞാൽ, പിന്നെയത് സഭയുടെ ബില്ലാണ്. ഭൂരിപക്ഷം ഉണ്ടെങ്കിലേ ബിൽ പാസാകൂ. സ്വകാര്യ ബില്ലുകൾ പാസാകണമെങ്കിൽ അതിന് ഭൂരിപക്ഷം ഉള്ള സർക്കാരിന്റെ പിന്തുണ വേണം. സ്വകാര്യ ബില്ലുകൾ പാസാകാതെ പോകുന്നത് സർക്കാർ അനുകൂല നിലപാടെടുക്കാത്തത് കൊണ്ടാണ്,’ അദ്ദേഹം വിശദീകരിച്ചു.
ഒരു സ്വകാര്യ ബില്ല് വന്നാൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്: ഒന്ന്, ബില്ല് പിൻവലിക്കാൻ അംഗത്തോട് ആവശ്യപ്പെടാം. സമഗ്രമായ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതിനാൽ തൽക്കാലം ഇപ്പോൾ ബില്ല് പിൻവലിച്ചാൽ ഇതേ വിഷയത്തിൽ സമഗ്രമായ, കുറ്റമറ്റ നിയമനിർമാണം നടത്തുമെന്ന് ഉറപ്പ് നൽകാം. അതല്ലെങ്കിൽ, സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ തൽക്കാലം സർക്കാരിന് ഇടപെടാനാകില്ലെന്ന് കാണിച്ച് എതിർക്കാം. അതല്ലെങ്കിൽ ബില്ല് പാസ്സാക്കുന്നതിനായി വോട്ടെടുപ്പ് ആവശ്യപ്പെടാം. ഇതിലേത് നിലപാടാകും കേന്ദ്രസർക്കാർ സ്വീകരിക്കുക എന്നത് നിർണായകമാണ്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിൻറെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.
ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ ശബരിമല വിഷയത്തിൽ കേരളത്തിന് ബിജെപിയിൽ നിന്നും അധികം പ്രതീക്ഷിക്കേണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.