പ്രതീക്ഷ നല്കി റബര്‍വില കുതിക്കുന്നു; ക്രൂഡ് ഓയില്‍ വില ഉയരുന്നതും ആഭ്യന്തര റബര്‍ വിപണി സജീവമായതും കര്‍ഷകര്‍ക്ക് നേട്ടമാകുന്നു
സ്വന്തം ലേഖിക
കോട്ടയം: റബറിന് വലിയ പ്രതീക്ഷ നല്കി വില കുതിക്കുന്നു.
യുദ്ധപശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും ആഭ്യന്തര റബര്‍ വിപണി സജീവമായതും കര്‍ഷകര്‍ക്ക് നേട്ടമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നേരിയ തോതില്‍ റബര്‍ വില ഉയരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റബര്‍ വിപണിയില്‍ നേരിയ ഉണവ് ലഭിക്കുന്നത് അടുത്ത സീസണില്‍ ടാപ്പിംഗിനു കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്നു. ആര്‍എസ്എസ് നാലിനു 169.50 രൂപയാണ് റബര്‍ ബോര്‍ഡ് പറഞ്ഞ വില. 172 രൂപയ്ക്കുവരെ വില്‍പ്പന നടന്നതായി വ്യാപാരികള്‍ പറയുന്നു.
172 രൂപ നല്‍കിയിട്ടും വ്യവസായികള്‍ക്കാവശ്യമായ റബര്‍ ലഭിച്ചില്ല. മാര്‍ച്ച് ഒന്നിനു 165.50 രൂപയ്ക്കാണു വ്യാപാരം നടന്നത്. പത്തുദിവസത്തിനിടെ നാലു രൂപ വരെയാണു ഉയര്‍ന്നത്.
ക്രൂഡ് ഓയിലിന്റെ വില വര്‍ദ്ധനവാണ് റബര്‍ വിലയിലെ ഉണര്വിന് ഇടയാക്കിയത്. 2008 ന് ശേഷം ക്രൂഡ് ഓയില്‍ വില ബാരലിനു 130 ഡോളര്‍ കടന്നു. സിന്തറ്റിക് റബറിന്റെ വിലയും 30-40 രൂപ കൂട്ടി.
ഇതു സ്വാഭാവിക റബറിന്റെ വില ഉയരുന്നതിനു കാരണമാകും. 170 രൂപയാണു അന്താരാഷ്ട്ര വില. വിദേശത്തുനിന്ന് ഇറക്കുമതിക്ക് സാധ്യത വിരളമാണ്.
ഇറക്കുമതി തീരുവയും കണ്ടെയ്നര്‍ നിരക്കും നല്കി റബര്‍ രാജ്യത്ത് എത്തുമ്പോള്‍ കിലോയ്ക്ക് 210 രൂപയിലധികം വരും. നഷ്ടം സഹിച്ചും ആഭ്യന്തര മാര്‍ക്കറ്റ് ഇടിക്കാന്‍ വ്യവസായികള്‍ ശ്രമിക്കുന്നുണ്ടെന്ന് ഒരുവിഭാഗം വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ഇതിന് മുൻപ് ആര്‍എസ്എസ് 4 കിലോയ്ക്ക് 170 രൂപയ്ക്കു മുകളിലെത്തിയത്. 192 രൂപ വരെ വില ഉയര്‍ന്നെങ്കിലും പിന്നീട് താഴ്ന്ന് കിലോയ്ക്ക് 155 രൂപയായി കുറഞ്ഞു. വിപണിയില്‍ റബറിന്റെ ആവശ്യകതയുള്ളതും ഇറക്കുമതിക്ക് പ്രതികൂല സാഹചര്യമുള്ളതും വില ഉയരാന്‍ ഇടയാക്കും.