“ഓപ്പറേഷൻ സ്പീഡ് ചെക്ക് ‘: ആർ ടി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

“ഓപ്പറേഷൻ സ്പീഡ് ചെക്ക് ‘: ആർ ടി ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ ഏജന്റുമാരുമായി ചേർന്ന് അഴിമതി നടത്തുന്നതായി സർക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വിജിലൻസ് നടത്തിയ “ഓപ്പറേഷൻ സ്പീഡ് ചെക്ക് ” എന്ന പേരിൽ മിന്നൽ പരിശോധന നടത്തി.

മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളിൽ വാഹന രജിസ്ട്രേഷൻ, ലൈസൻസ് പുതുക്കൽ, ഡ്രൈവിംഗ് ടെസ്റ്റ് , ഫിറ്റ്നസ് ടെസ്റ്റ് തുടങ്ങി മോട്ടോർ വാഹന വകുപ്പിൽ നിന്നും പൊതുജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെല്ലാം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സൗകര്യം സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എങ്കിലും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന അപേക്ഷകളുടെ ഹാർഡ്‌ കോപ്പികൾ അതാത് ആർ ടി ഓഫീസുകളിൽ നൽകണമെന്ന ചട്ടത്തിന്റെ മറവിൽ ഏജന്റുമാർ മുഖേന നൽകുന്ന അപേക്ഷകൾ തിരിച്ചറിയുന്നതിനുള്ള വിവിധതരം അടയാളങ്ങൾ രേഖപ്പെടുത്തി സമർപ്പിക്കുന്നതായും ഇപ്രകാരം ഏജന്റുമാർ സമർപ്പിക്കുന്ന അപേക്ഷകൾ അഴിമതിക്കാരായ ഉദ്യോഗസ്ഥർ തരംതിരിച്ചെടുത്ത് വേഗത്തിൽ തീർപ്പാക്കുന്നതായും നേരിട്ട് ലഭിക്കുന്ന അപേക്ഷകളിൽ മനപൂർവ്വം കാലതാമസം വരുത്തുന്നതായും നിസ്സാര കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അവ നിരസിക്കുന്നതായും വിവിധ സേവനങ്ങൾക്ക് ഏജന്റുമാർ അപേക്ഷകരിൽ നിന്നും പല മടങ്ങ് തുക അധികം വാങ്ങി അതിൽ നിന്നും ഒരു വിഹിതം അതാത് ദിവസങ്ങളിൽ ഓഫീസ് സമയം കഴിയാറാകുമ്പോൾ ഓഫീസിലെത്തിയ ഉദ്യോഗസ്ഥർക്ക് കൈമാറുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ലേണേഴ്സ് ടെസ്റ്റിനുള്ള എഴുത്ത് പരീക്ഷ അപേക്ഷകർക്ക് സൗകര്യപ്രദമായ സ്ഥലത്ത് വച്ച് ഓൺലൈനായി പങ്കെടുക്കാമെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ തന്നെ അപേക്ഷകരുടെ OTP ഉപയോഗിച്ച് ടെസ്റ്റിന് പങ്കെടുത്ത് കൃത്രിമത്വം കാണിക്കുന്നതായും ഇപ്രകാരം മലയാളമറിയാത്ത ഇതര സംസ്ഥാനക്കാർ പോലും മലയാളത്തിലുള്ള – പരീക്ഷ നിഷ് പ്രയാസം പാസാകുന്നതായും, ഗുരുതരമായ അപകടങ്ങളിൽപെടുന്ന വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന് സമർപ്പിക്കുന്ന അപേക്ഷകളിൽ യഥാസമയം തീരുമാനമാക്കാതെ അഴിമതിക്കാരായ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മനപൂർവ്വം കാലതാമസം വരുത്തുന്നതായും ലൈസൻസ് സസ്പെൻഡ് ചെയ്യേണ്ട മൂന്ന് മാസമോ ആറ് മാസമോ കാലാവധി പൂർത്തിയാകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രം ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ച് ഫയൽ സാങ്കേതികമായി തീർപ്പാക്കുന്നു.

ഇതു വഴി – ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ എന്ന ശിക്ഷണ നടപടി അട്ടിമറിയ്ക്കപ്പെടുന്നതായും സർക്കാരിന് ലഭിച്ച രഹസ്യ വിവരത്തിന്റെ – അടിസ്ഥാനത്തിലാണ് വിജിലൻസ് ഡയറക്ടറുടെ ചുമതലയിലുള്ള ഇൻസ്പെക്ടർ ജനറൽ ശ്രീ. എച്ച്. വെങ്കിടേഷ്.ഐ.പി.എസിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തിയത്.

ഇന്നലെ വിജിലൻസ് സംഘം പരിശോധനയ്ക്കായി എത്തിയ സമയം – ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിനായി ഏജന്റുമാർ കൊണ്ട് വന്നതെന്ന് സംശയിക്കുന്ന മൂന്ന് ലക്ഷത്തോളം രൂപ വിവിധ ആർ.ടി ഓഫീസുകളിൽ നിന്നും വിജിലൻസ് പിടിച്ചെടുത്തു. കൂടാതെ മിന്നൽ പരിശോധന നടന്ന ആർ.ടി ഓഫീസുകളിലെല്ലാം തന്നെ ഏജന്റുമാരുടെ സജീവ സാന്നിദ്ധ്യം ഓഫീസ് സമയം അവസാനിക്കുന്ന സമയത്ത് വളരെ കൂടുതലായിരുന്നുവെന്നും പല ഏജന്റുമാരുടെയും കൈവശം ലൈസൻസുകളും ആൾക്കാരുടെ പേരും തുകയും എഴുതിയ പേപ്പറുകൾ ഉണ്ടായിരുന്നതും അപകടത്തിൽപെട്ട വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് അന്വേഷണോദ്യോഗസ്ഥരിൽ നിന്നും കത്ത് ലഭിച്ചിട്ടും നടപടികൾ സ്വീകരിക്കാതെ പല ആർ.ടി ഓഫീസുകളിലും സൂക്ഷിക്കുന്നതായും വിജിലൻസ് കണ്ടെത്തി.

എറണാകുളം ജില്ല പെരുമ്പാവൂർ ആർ.ടി ഓഫീസിൽ ഏജന്റുമാരുടെ പക്കൽ നിന്നും 89620/- രൂപയും ഇടുക്കി ജില്ലയിൽ പീരുമേട് ആർ.ടി ഓഫീസിൽ നിന്നും 65660/- രൂപയും അടിമാലി ആർ.ടി ഓഫീസിൽ നിന്നും 58100/- രൂപയും – തിരുവനന്തപുരം കാട്ടാക്കട ആർ.ടി ഓഫീസിൽ നിന്നും 23860/- രൂപയും എറണാകുളം കോതമംഗലം ആർ.ടി ഓഫീസിൽ നിന്നും 17550/- രൂപയും ഇടുക്കി ആർ.ടി ഓഫീസിൽ നിന്നും 16060/- രൂപയും ആലുവ സബ് ആർ.ടി – ഓഫീസ് പരിധിയിൽ നിന്നും 11360/- രൂപയും ആലപ്പുഴ ചേർത്തല ജോയിന്റ് ആർ.ടി ഓഫീസിൽ നിന്നും 10050/- രൂപയും കോട്ടയം ജില്ലയിലെ വക്കം ആർ.ടി ഓഫീസിൽ നിന്നും 9840/- രൂപയും ആലപ്പുഴ കായംകുളം ആർ.ടി ഓഫീസിൽ നിന്നും 1000/- രൂപയും എറണാകുളം ആർ.ടി ഓഫീസിൽ നിന്നും – 1000/- രൂപയും വിജിലൻസ് പിടിച്ചെടുത്തു. ആലപ്പുഴ ചേർത്തല ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ കൈയ്യിൽ നിന്നും കണക്കിൽ പെടാത്ത 4120/- രൂപയും കോട്ടയം ആർ.ടി ഓഫീസിലെ ബാത്റൂമിൽ നിന്നും 140/- രൂപയും പാല ജോയിന്റ് ആർ.ടി ഓഫീസിലെ ക്ലാർക്കിൽ നിന്നും 700/- രൂപയും മട്ടാഞ്ചേരി സബ് ആർ.ടി ഓഫീസിലെ ജനാലയ്ക്ക് പുറത്ത് നിന്നും 400/- രൂപയും വിജിലൻസ് കണ്ടെടുത്തു.

കോട്ടയം ആർ.ടി ഓഫീസ്, തൊടുപുഴ ആർ.ടി ഓഫീസ്, എന്നിവിടങ്ങളിൽ – ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള അന്വേഷണോദ്യോഗസ്ഥരുടെ ശുപാർശകളിൽ യാതൊരു തീരുമാനവുമെടുക്കാതെ കാലതാമസം വരുത്തുന്നതായും നെടുങ്കണ്ടം ആർ.ടി ഓഫീസിൽ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ലഭിച്ച ഫയലുകളിൽ കഴിഞ്ഞ 5 വർഷമായി നടപടികൾ യാതൊന്നും സ്വീകരിച്ചിട്ടില്ലായെന്നും വിജിലൻസ് കണ്ടെത്തി.

പെൻകുന്നം ആർ.ടി ഓഫീസ്, മൂവാറ്റുപുഴ ആർ.ടി ഓഫീസ് എന്നിവിടങ്ങളിൽ വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളിൽ ഏജന്റുമാരെ – തിരിച്ചറിയുന്നതിന് അപേക്ഷകളിൽ വിവിധ അടയാളങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതായും തൊടുപുഴ ആർ.ടി ഓഫീസിലെ ലേണേഴ്സ് – ഓൺലൈൻ ടെസ്റ്റിൽ പങ്കെടുക്കേണ്ടി അപേക്ഷകർക്ക് പകരം ഏജന്റുമാർ പരീക്ഷ എഴുതുന്നതായും എറണാകുളം ജില്ലയിലെ പറവൂർ സബ് ആർ.ടി ഓഫീസിൽ വിതരണം ചെയ്യാത്ത നിലയിൽ 120 ഡ്രൈവിംഗ് ലൈസൻസുകളും ഇരിങ്ങാലക്കുട സബ് ആർ.ടി ഓഫീസിൽ വിതരണം ചെയ്യാത്ത നിലയിൽ നിരവധി ലൈൻസുകളും ആർ.സി ബുക്കുകളും വിജിലൻസ് കണ്ടെത്തി.

വിജിലൻസ് ഡയറക്ടറുടെ ചുമതലയുള്ള ഇൻസ്പെക്ടർ ജനറൽ ശ്രീ. – എച്ച്. വെങ്കിടേഷ്.ഐ.പി.എസിന്റെ നേതൃത്വത്തിൽ, വിജിലൻസ് ഇന്റലിജൻസ് വിഭാഗം പോലീസ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ശ്രീ. കെ.ഇ.ബൈജു, വിജിലൻസ് തെക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. ജയശങ്കർ, മധ്യമേഖല – പോലീസ് സൂപ്രണ്ട് ശ്രീ. ഹിമേന്ദ്രനാഥ്. ഐ.പി.എസ്, കിഴക്കൻ മേഖല പോലീസ് സൂപ്രണ്ട് ശ്രീ. വി.ജി.വിനോദ് കുമാർ, വടക്കൻ മേഖല പോലീസ് – സൂപ്രണ്ട് ശ്രീ. സജീവൻ എന്നിവർ മിന്നൽ പരിശോധനയ്ക്ക് നേതൃത്വം നൽകി.

കോവിഡ് കാലത്തെ അപേക്ഷകരുടെ OTP ഉപയോഗിച്ച് തിരിമറി നടത്തി ലേണേഴ്സ് ടെസ്റ്റ് പാസായവരെ തിരിച്ചറിയുന്നതിന് തുടർ ദിവസങ്ങളിലും അന്വേഷണം തുടരുമെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതളെപ്പറ്റി വിശദമായ റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കുമെന്നും ഐ.ജി. പി ശ്രീ. എച്ച്. വെങ്കിടേഷ് ഐ.പി.എസ് അറിയിച്ചു.