മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്; വളകൾ ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശും; ഒരുവള പണയം വയ്ക്കുമ്പോള്‍ 10000 രൂപ കമ്മിഷൻ; സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

മുക്കുപണ്ടം പണയം വെച്ച്‌ തട്ടിപ്പ്; വളകൾ ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശും; ഒരുവള പണയം വയ്ക്കുമ്പോള്‍ 10000 രൂപ കമ്മിഷൻ; സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

സ്വന്തം ലേഖകൻ

തിരുവനന്തപുരം:സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടുന്ന രണ്ടു പേർ പിടിയിൽ.

കൊല്ലം കൊട്ടാരക്കര നീലേശ്വരം കുറുമ്പല്ലൂരില്‍ സന്തോഷ് എന്ന സജയകുമാര്‍(28), കുന്നത്തുകാല്‍ പനയറക്കോണം ആന്‍സി നിവാസില്‍ പ്രതാപന്‍ (42) എന്നിവരാണ് വെള്ളറട പൊലീസിൻ്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട ആനപ്പാറയിലെ വിശ്വം ഫിനാന്‍സില്‍ 16 ഗ്രാം തൂക്കം വരുന്ന രണ്ടു വളകള്‍ പണയം വച്ചാണ് പണം തട്ടിയത്. ഈ വളകള്‍ ചെമ്പില്‍ നിര്‍മ്മിച്ച്‌ സ്വര്‍ണം പൂശിയവയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇത്തരത്തില്‍ പണയം വച്ച്‌ പണം തട്ടുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഇവര്‍ക്ക് ഒരുവള പണയം വയ്ക്കുമ്പോള്‍ 10000 രൂപ നല്‍കും. ബാക്കി രൂപ ആഭരണങ്ങള്‍ നല്‍കുന്നവര്‍ കൈക്കലാക്കും. ആനപ്പാറയിലെ മറ്റു രണ്ട് സ്ഥാപനങ്ങളിലും പനച്ചമൂട്ടിലെ ഒരു സ്ഥാപനത്തിലും ഇത്തരത്തില്‍ മുക്കുപണ്ടം പണയം വച്ച്‌ ഇവര്‍ പണം തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റു സ്ഥലങ്ങളില്‍ പണയം വയ്ക്കുന്നതിനായി മുക്കുപണ്ടം എടുക്കാന്‍ കൊട്ടാരക്കരയിലേക്ക് പോകുന്നവഴിയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് മുക്കുപണ്ടം നല്‍കുന്ന സംഘത്തെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃദുല്‍ കുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ആന്റണി ജോസഫ് നെറ്റോ, എസ്.സി.പി.ഒമാരായ സജിന്‍, പ്രദീപ് അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.