ഗതികെട്ടാൽ പിന്നെ എന്ത് ചെയ്യും!!! കോട്ടയം കഞ്ഞിക്കുഴിയിലെ ആളെകൊല്ലും കുഴി ഇന്നലെ രാത്രി പോലീസ് മണ്ണിട്ട് നികത്തി; കെ. കെ റോഡിൽ പ്രിൻസ് ബാറിന് മുന്നിലുള്ള പടുകുഴിയാണ് ഇന്നലെ രാത്രി പൊലീസുദ്യോഗസ്ഥർ കല്ലും മണ്ണുമിട്ട് നികത്തിയത്; ഈ പടുകുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റി; “രക്തം വീണാലേ കുഴി നികത്തു ” എന്ന് അധികൃതർ
സ്വന്തം ലേഖകൻ
കോട്ടയം : ഗതികെട്ടാൽ പിന്നെ എന്ത് ചെയ്യാനാ. കോട്ടയം കഞ്ഞിക്കുഴിയിലെ ആളെകൊല്ലും കുഴി ഇന്നലെ രാത്രി പോലീസ് മണ്ണിട്ട് നികത്തി.
കെ. കെ റോഡിൽ പ്രിൻസ് ബാറിന് മുന്നിലുള്ള പടുകുഴിയാണ് ഇന്നലെ രാത്രി പൊലീസുദ്യോഗസ്ഥർ കല്ലും മണ്ണുമിട്ട് നികത്തിയത്. ഈ പടുകുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു .പല തവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും പുല്ല് വില പോലും വെച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴിയിൽ വീണ് ആരേലും ചത്താലേ കുഴി നികത്തൂ എന്ന നിലപാടാണ് അധികൃതർക്ക്.
നഗരത്തിലെ വാഹനയാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുന്ന റോഡിലെ അപകടകുഴികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും, പൊലീസും നിരവധി തവണ പരാതിപെട്ടിട്ടും അധികൃതർ നടപടികൾ സ്വീകരിക്കാത്തതിനെത്തുടർന്ന് ആളെക്കൊല്ലും കുഴികൾ പോലീസ് ഉദ്യോഗസ്ഥർ തന്നെ കല്ലും മണ്ണുമിട്ട് നികത്തി.
കെ. കെ റോഡിൽ പ്രിൻസ് ബാറിന് മുന്നിലുള്ള പടുകുഴിയാണ് ഇന്നലെ രാത്രി പോലീസുദ്യോഗസ്ഥർ കല്ലും മണ്ണുമിട്ട് നികത്തുകയായിരുന്നു. കൺട്രോൾ റൂം എസ് ഐ പ്രിൻസ് തോമസും, എ എസ് ഐ വിനോദും, പൊലീസുകാരനായ രാഹുലും ചേർന്നാണ് കുഴി നികത്തിയത്
ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് റോഡിലെ കുഴികൾ. മഴ പെയ്ത് വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ ശ്രദ്ധിക്കാതെ അതിൽ വന്ന് വീണ് പരിക്ക് പറ്റുന്നവർ നിരവധിയാണ്. തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് ഈ കുഴികൾ മൂലം ഉണ്ടാകുന്നത്.
കോട്ടയം നഗരത്തിനു ചുറ്റും നാഗമ്പടം പാലത്തിലും,സീസർ പാലസ് ജംഗ്ഷനിലും, ഗാന്ധി സ്ക്വയറിന് സമീപവും, നഗരസഭയ്ക്ക് മുന്നിലുമെല്ലാം, പറപ്പള്ളി ടയറിന് മുൻപിലുമെല്ലാം റോഡിൽ സമാനമായ നിരവധി കുഴികളാണ്.
ദിനംപ്രതി ഈ കുഴികളിൽ വീണ് നിരവധി ആളുകൾക്കാണ് പരിക്ക് പറ്റുന്നത്.
രണ്ടാഴ്ച മുൻപ് നീലിമംഗലം പാലത്തിലെ കുഴിയിൽ വീഴാതെ വെട്ടിച്ച ഓട്ടോറിക്ഷ ബസിലിടിച്ച് യുവാവ് മരിച്ചിരുന്നു. ആ സംഭവത്തിനു ശേഷം പഴയപാലത്തിലൂടെയായിരുന്നു വാഹനങ്ങളെ കടത്തി വിട്ടിരുന്നത്.
ഒരു മഴ പെയ്താൽ റോഡിൽ കുഴികൾ നിറയുന്നത് നാടിന് പുതിയകാഴ്ചകളൊന്നുമല്ല. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകൾ കാരണം വാഹനാപകടങ്ങളിലൂടെ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം ചെറുതല്ല.
അശാസ്ത്രീയവും കാര്യക്ഷമമല്ലാത്ത റോഡു നിര്‍മ്മാണ രീതികളും നിരത്തുകളെ വളരെ വേഗം കുണ്ടും കുഴിയും നിറഞ്ഞ, അപകടം പതിയിരിക്കുന്ന മരണപ്പാതയാക്കി മാറ്റുന്നു.
നികുതികൾ അടച്ച പൗരന്മാർക്ക് പൊട്ടിപൊളിഞ്ഞ റോഡുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്.